ബെര്‍ലിൻ: യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് പോര്‍ച്ചുഗല്‍. ഷൂട്ടൗട്ടില്‍ 3-0 എന്ന സ്കോറിനാണ് പറങ്കിപ്പട ജയം പിടിച്ചത്. ഗോള്‍ കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പൻ സേവുകളാണ് മത്സരത്തില്‍ പോര്‍ച്ചുഗലിന് തുണയായത്.
ഷൂട്ടൗട്ടില്‍ സ്ലൊവാനിയ പായിച്ച മൂന്ന് ഷോട്ടുകളും തടഞ്ഞിടാൻ ഡിയാഗോ കോസ്റ്റയ്‌ക്കായി. ജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും മുന്നേറി. ക്വാര്‍ട്ടറില്‍ ഫ്രാൻസാണ് പോര്‍ച്ചുഗലിന്‍റെ എതിരാളി.
മത്സരത്തിന്‍റെ നിയന്ത്രണം തുടക്കം മുതല്‍ക്ക് തന്നെ കാലുകളിലാക്കാൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും സംഘത്തിനുമായി. ആദ്യ മിനിറ്റുകള്‍ മുതല്‍ക്ക് തന്നെ പോര്‍ച്ചുഗല്‍ ആക്രമണങ്ങള്‍ നടത്തി. അഞ്ചാം മിനറ്റില്‍ റൂബൻ ഡയസിനും 13-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാൻ സാധിച്ചില്ല.
കിട്ടിയ ചാൻസുകളില്‍ സ്ലൊവേനിയയും ആക്രമണം നടത്തി. 30-ാം മിനിറ്റില്‍ ഹെഡ് ചെയ്‌ത് ഗോള്‍ നേടാനുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം ജാൻ ഒബ്ലാക്ക് പിടിച്ചെടുത്തു. പിന്നാലെ, കിട്ടിയ ഫ്രീ കിക്കിലും റൊണാള്‍ഡോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ സ്ലൊവാനിയ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സ്കോര്‍ ചെയ്യാൻ മാത്രമായില്ല.
ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് പിന്നാലെ രണ്ടാം പകുതിയിലും നിര്‍ത്തിയടുത്ത് നിന്നും തന്നെ തുടങ്ങാൻ പോര്‍ച്ചുഗലിന് സാധിച്ചു. ഇരു ടീമുകളും ഗോളിനായി പൊരുതി. എന്നാല്‍, രണ്ട് കൂട്ടരില്‍ നിന്നും ഗോളുകള്‍ അകന്ന് നിന്നു. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകളൊന്നും നേടാൻ സാധിക്കാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു.
അധികസമയത്തും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകള്‍ ബാക്കി നില്‍ക്കുന്ന സമയത്ത് പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഡിയാഗോ ജോട്ടയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി.
നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് വേണ്ടി നിര്‍ണായക സമയത്ത് കിക്കെടുക്കാൻ എത്തിയത്. ആരാധകര്‍ ഗോളിനായി ആവേശത്തോടെ കാത്തിരുന്നെങ്കിലും റൊണാള്‍ഡോയ്‌ക്ക് അവിടെ പിഴച്ചു. താരത്തിന്‍റെ ഷോട്ട് ജാൻ ഒബ്ലാക് തകര്‍പ്പൻ സേവിലൂടെ കൈക്കലാക്കി.
പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ വന്നതോടെ മൈതാനത്ത് നിന്നും റൊണാള്‍ഡോ കണ്ണീരണിഞ്ഞു. പിന്നാലെ, സഹതാരങ്ങള്‍ എല്ലാവരുമെത്തി താരത്തെ ആശ്വസിപ്പിച്ചു. രണ്ടാം പകുതിയില്‍ ബെഞ്ചമിൻ സെസ്‌കോയ്‌ക്ക് കിട്ടിയ ഗോള്‍ അവസരം സ്ലൊവാനിയക്കും മുതലെടുക്കാനായില്ല. ഇതോടെ, മത്സരം ഷൂട്ടൗട്ടിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ എന്നിവരായിരുന്നു പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്.
Also Read :സെല്‍ഫ് ഗോള്‍ തുണച്ചു, യൂറോയില്‍ ബെല്‍ജിയവും കടന്ന് ഫ്രാൻസ് - France vs Belgium Result