കേരളം

kerala

ETV Bharat / sports

ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ വീണു, റൊണാള്‍ഡോയ്‌ക്ക് കണ്ണീര്‍ മടക്കം; ഫ്രാൻസ് യൂറോ കപ്പ് സെമിയില്‍ - Portugal vs France Result

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ്. കിലിയൻ എംബാപ്പെയുടെയും സംഘത്തിന്‍റെയും വിജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍.

UEFA EURO CUP 2024  CRISTIANO RONALDO  യൂറോ കപ്പ്  പോര്‍ച്ചുഗല്‍ ഫ്രാൻസ്
PORTUGAL VS FRANCE (X)

By ETV Bharat Kerala Team

Published : Jul 6, 2024, 10:11 AM IST

ഹംബര്‍ഗ്:യൂറോ കപ്പില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരില്‍ ഫ്രാൻസ് ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗലിനെ കീഴടക്കിയത്. ഷൂട്ടൗട്ടില്‍ 5-3 എന്ന സ്കോറിനായിരുന്നു കിലിയൻ എംബാപ്പെയും സംഘവും ജയം പിടിച്ചത്.

ജയത്തോടെ ഫ്രാൻസ് അവസാന നാലിലേക്ക് മുന്നേറി. ആതിഥേയരായ ജര്‍മനിയെ വീഴ്‌ത്തിയെത്തുന്ന സ്പെയിനാണ് സെമി ഫൈനലില്‍ ഫ്രാൻസിന്‍റെ എതിരാളി. അതേസമയം, തോല്‍വിയോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂറോ കപ്പ് കരിയറിനാണ് തിരശീല വീണിരിക്കുന്നത്.

ഹംബര്‍ഗില്‍ നടന്ന മത്സരത്തിന്‍റെ നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ടീമുകള്‍ക്കും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഫ്രാൻസിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. പോര്‍ച്ചുഗലിന്‍റെ ജാവോ ഫെലിക്‌സിനായിരുന്നു ഷൂട്ടൗട്ടില്‍ പിഴച്ചത്.

യൂറോ കപ്പിലെ ഹൈവേള്‍ട്ടേജ് പോരില്‍ പന്ത് തട്ടാൻ കൃത്യമായ പദ്ധതികളുമായിട്ടായിരുന്നു ഫ്രാൻസ് - പോര്‍ച്ചുഗല്‍ ടീമുകള്‍ കളത്തിലിറങ്ങിയത്. ആക്രമണത്തിനൊപ്പം പന്ത് കൈവശം വയ്‌ക്കുന്നതിനും ഇരു ടീമും ശ്രദ്ധ നല്‍കി. കിട്ടിയ അവസരങ്ങളില്‍ ബോക്‌സിനുള്ളിലേക്ക് കടന്നുകയറാൻ രണ്ട് ടീമിനുമായി.

മികച്ച മുന്നേറ്റങ്ങളാണ് രണ്ട് ടീമും നടത്തിയത്. പല തവണ പോര്‍ച്ചുഗല്‍ ഫ്രഞ്ച് ഗോള്‍ മുഖത്തെ വിറപ്പിച്ചു. ഗോള്‍ കീപ്പര്‍ മൈക്ക് മഗ്നാനാന്‍റെ മികവാണ് ഗോള്‍ വഴങ്ങാതെ ഫ്രാൻസിനെ രക്ഷിച്ചത്. മറുവശത്ത്, ഫ്രഞ്ച് പടയുടെ മുന്നേറ്റങ്ങള്‍ കൃത്യമായി തടയാൻ പോര്‍ച്ചുഗല്‍ പ്രതിരോധ നിരയ്‌ക്കായി. നിശ്ചിത സമയത്തും അധിക സമയത്തും ഗോളുകള്‍ അകന്ന് നിന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Also Read :ജര്‍മൻ കുതിപ്പിന് എക്‌സ്‌ട്രാ ടൈമില്‍ ഫുള്‍സ്റ്റോപ്പ്...!; യൂറോ കപ്പ് സെമിയില്‍ സ്‌പെയിൻ - Spain vs Germany Result

ABOUT THE AUTHOR

...view details