റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ (India vs England 4th Test) ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത് യുവതാരം ധ്രുവ് ജുറെലാണ് (Dhruv Jurel). ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ചുറിയേക്കാള്‍ വിലയേറിയ 90 റണ്‍സടിച്ചടിച്ചാണ് താരം തിളങ്ങിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു കാര്‍ഗില്‍ യുദ്ധവീരനായ നേം ചന്ദിന്‍റെ മകന്‍ തിളങ്ങിയത്.
23-കാരന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ജുറെലിന്‍റെ മികവില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സ് സ്‌കോര്‍ 50 താഴെ എത്തിക്കാനും ആതിഥേയര്‍ക്ക് കഴിഞ്ഞു. ഇപ്പോഴിതാ റാഞ്ചിയിലെ ജുറെലിന്‍റെ പ്രകടനത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരത്തിന്‍റെ പരിശീലകനായ ഫൂൽചന്ദ് ശർമ (Phoolchand Sharma). ധ്രുവ് ജുറെല്‍ അപാരക്ഷമയുള്ള താരമാണെന്നും അതിനാല്‍ തന്നെ റാഞ്ചിയിലെ താരത്തിന്‍റെ ഇന്നിങ്‌സില്‍ അതിശയിക്കാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുറഖത്തിലാണ് ഫൂല്‍ചന്ദിന്‍റെ പ്രതികരണം.
ക്രിക്കറ്റ് മോഹങ്ങളെ പിന്തുടരുന്ന് 13-ാം വയസിലാണ് നോയിഡയിലുള്ള ഫൂൽചന്ദ് ശർമയുടെ അക്കാദമിയിലേക്ക് ജുറെല്‍ എത്തുന്നത്. തന്‍റെ അക്കാദമിയിലേക്ക് ഒറ്റയ്‌ക്ക് വന്ന് കയറിയ ജുറെലിനെ പിന്നീട് കൂടെകൂട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "ആഗ്രയിലെ വീട്ടില്‍ നിന്നും അവന്‍ ഒറ്റയ്‌ക്കായിരുന്നു എന്‍റെ അക്കാദമിലിയേക്ക് എത്തിയത്. ഒളിച്ചോടി വന്നതാണോയെന്ന് ഞാന്‍ അവനോട് ചോദിച്ചു.
പിന്നീട് അവന്‍റെ അച്ഛനെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്‌തു. ജുറെലിന്‍റെ മുത്തച്ഛന്‍റെ മരണാന്തര ചടങ്ങുകള്‍ ബാക്കിയുള്ളതിനാലാണ് താന്‍ വരാതിരുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിന്നീട് ഞാന്‍ അവനെ എന്‍റെയൊപ്പം കൂട്ടി"- അദ്ദേഹം പറഞ്ഞു.