ന്യൂഡൽഹി: വിരമിക്കല്‍ തീരുമാനം മാറ്റി തിരിച്ചുവരവിന് സൂചന നല്‍കി ഇന്ത്യന്‍ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന്‍റെ പോസ്റ്റ്. പാരീസ് ഒളിമ്പിക്‌സിലെ സംയുക്ത വെള്ളി മെഡലിനായുള്ള അപ്പീൽ നിരസിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് താരം ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമമായ എക്‌സിലാണ് വിനേഷ് കുറിച്ചത്. കുറിപ്പില്‍ വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ 2032 വരെ താന്‍ കളി തുടരുമെന്ന് വിനേഷ് വ്യക്തമാക്കി.
സമയവും ഭാഗ്യവും ഞങ്ങളെ അനുകൂലിച്ചില്ല
ഒരുപാട് പറയാനുണ്ട്, പക്ഷേ വാക്കുകൾ ഒരിക്കലും മതിയാകില്ല. തളർന്നില്ല, ഞങ്ങളുടെ ശ്രമങ്ങൾ നിലച്ചില്ല, പക്ഷേ ക്ലോക്ക് നിലച്ചു, സമയം സഹകരിച്ചില്ലായെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയു. ഇതാണ് എന്‍റെ വിധി.
2032 വരെ കളി തുടരും
ഒരുപക്ഷേ വ്യത്യസ്‌ത സാഹചര്യങ്ങളിൽ 2032 വരെ ഞാൻ കളിക്കുന്നത് തുടരും. കാരണം പോരാട്ടവും ഗുസ്‌തിയും എന്നിൽ എപ്പോഴും ഉണ്ടായിരിക്കും. ഈ യാത്രയിൽ ഭാവി എന്തായിരിക്കുമെന്നും എന്താണ് മുന്നിലുള്ളതെന്നും പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഞാൻ വിശ്വസിക്കുന്ന കാര്യത്തിനും നല്ലതിന് വേണ്ടിയും ഞാൻ എപ്പോഴും പോരാടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഒളിമ്പിക്‌സ് വളയങ്ങളെ കുറിച്ച്
ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി എന്ന നിലയിൽ എനിക്ക് ഒളിമ്പിക്‌സ് എന്താണെന്നോ കാണുന്ന വളയങ്ങൾ എന്താണെന്നോ അറിയില്ലായിരുന്നു. മുടി നീട്ടിവളർത്തിയിരിക്കുക, കൈയിൽ മൊബൈൽ ഫോണുമായി നടക്കുക, അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ കൊച്ചു പെൺകുട്ടിയായിരുന്നപ്പോള്‍ സ്വപ്‌നം കണ്ടിരുന്നു. ഏതൊരു പെൺകുട്ടിയും സാധാരണയായി സ്വപ്‌നം കാണുന്നത് അതായിരുന്നു. എന്‍റെ യാത്രയിൽ പലരെയും കാണാൻ സാധിച്ചു. അവരിൽ ചിലര്‍ നല്ലവരും ചിലർ മോശക്കാരുമാണ്. എന്‍റെ ജീവിതം പല വഴിത്തിരിവുകൾ കൈവരിച്ചു.
ജീവിതം എന്നെന്നേക്കുമായി നിലച്ചതുപോലെ തോന്നി, ഞങ്ങൾ അകപ്പെട്ട കുഴിയിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴിയുമില്ല. എനിക്ക് ചുറ്റുമുള്ള ആളുകൾക്ക് സത്യസന്ധത ഉണ്ടായിരുന്നു, അവർക്ക് എന്നോട് നല്ല സ്‌നേഹമായിരുന്നു. വലിയ പിന്തുണയും നല്‍കി. ഈ ആളുകളും എന്നിലുള്ള അവരുടെ ഒരു വിശ്വാസവും വളരെ ഉറപ്പുള്ളതായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ എനിക്ക് വെല്ലുവിളികൾ നേരിടാനും വിജയിക്കാനും അവർ കാരണമാണ്.
കോച്ച് വോളാർ അക്കോസിനെ പറ്റി
'ഞാൻ കോച്ചിനെ പറ്റി എന്ത് എഴുതിയാലും അത് കുറവായിരിക്കും. എനിക്ക് ശാന്തതയോടെയും ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും ഏത് സാഹചര്യത്തെയും നേരിടാൻ കഴിവുള്ള മികച്ച പരിശീലകനായും മികച്ച വഴികാട്ടിയായും നല്ല മനുഷ്യനിലുമായി ഞാൻ അദ്ദേഹത്തെ കണ്ടെത്തി. കോച്ചിന്‍റെ നിഘണ്ടുവിൽ അസാധ്യമെന്ന വാക്ക് ഇല്ല.
തന്‍റെ സപ്പോർട്ടിങ് സ്റ്റാഫായ ഡോ. വെയ്ൻ പാട്രിക് ലോംബാർഡ്, കോച്ച് വോളർ അക്കോസ്, ഫിസിയോതെറാപ്പിസ്റ്റ് അശ്വിനി ജീവൻ പാട്ടീൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) സിഎംഒ, ഡോ. ദിൻഷോ പർദിവാല എന്നിവരോട് വിനേഷ് ഫോഗട്ട് നന്ദി അറിയിച്ചു.
Also Read:മൈതാനത്ത് വെടിക്കെട്ട് നടത്തി ഇഷാന്‍; പറത്തിയത് 10 സിക്‌സറുകള്‍, ഗംഭീര തിരിച്ചുവരവിന് സജ്ജം - Ishan kishan