ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിൽ മിക്‌സഡ് പിസ്റ്റൾ ടീമിൽ മനു ഭാക്കറിനൊപ്പം വെങ്കല മെഡൽ നേടിയ ഇന്ത്യയുടെ സ്റ്റാർ ഷൂട്ടർ സരബ്ജോത് സിങ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഹരിയാന സർക്കാർ സരബ്ജോതിന് സർക്കാർ ജോലി വാഗ്‌ദാനം ചെയ്തെങ്കിലും ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സരബ്ജോത് ജോലി നിരസിച്ചു. സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്‍റില്‍ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനമാണ് സരബ്ജോതിന് വാഗ്‌ദാനം ചെയ്‌തത്. എന്നാല്‍ ഷൂട്ടിങ്ങിന് കൂടുതൽ പ്രാധാന്യം നൽകി ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല.
'എനിക്ക് ആദ്യം ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു നല്ല ജോലി എടുക്കാൻ എന്‍റെ കുടുംബവും എന്നെ നിർബന്ധിക്കുന്നുണ്ട്. എന്‍റെ ചില തീരുമാനങ്ങൾക്ക് എതിരായി പോകാൻ എനിക്ക് കഴിയില്ലായെന്ന് സരബ്ജോത് പറഞ്ഞു. 2028ലെ ഒളിമ്പിക്‌സിൽ രാജ്യത്തിന് സ്വർണമെഡൽ ലഭിക്കുമെന്ന് വെങ്കലമെഡൽ നേടിയതിന് ശേഷം സരബ്ജോത് സിങ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ ജോലി വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് താരം.