പാരീസ്: ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം മത്സരത്തിൽ ഇന്ത്യന്‍ ഗുസ്‌തി താരം അമൻ സെഹ്‌രാവത് വെങ്കല മെഡൽ നേടി. മത്സരത്തിൽ അമൻ 13-5 ന് പ്യൂർട്ടോറിക്കൻ താരം ഡാരിയൻ ടോയ് ക്രൂസിനെയാണ് തോല്‍പ്പിച്ചത്. വിജയത്തോടെ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി അമന്‍ മാറി. 21 വയസാണ് താരത്തിന്. പാരീസ് ഒളിമ്പിക്‌സിലെ ഗുസ്‌തിയില്‍ ഇന്ത്യയുടെ ഏക മെഡലാണിത്.
മുൻ ലോക ചാമ്പ്യനും റിയോ 2016 ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവുമായ ജപ്പാന്‍റെ റെയ് ഹിഗുച്ചിയെയാണ് സെമി ഫൈനലിൽ അമന്‍ നേരിട്ടത്. വെല്ലുവിളി നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഹിഗുച്ചിയോട് കീഴടങ്ങിയാണ് അമൻ വെങ്കല മെഡൽ മത്സരത്തിലെത്തിയത്.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മുൻ യൂറോപ്യൻ ചാമ്പ്യനായ മാസിഡോണിയയുടെ വ്‌ളാഡിമിർ എഗോറോവിനെ 10-0 ന് അമന്‍ പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടർ ഫൈനലിൽ 12-0ന് ജയിച്ച് മുൻ ലോക ചാമ്പ്യനും നാലാം സീഡുമായ അൽബേനിയയുടെ സെലിംഖാൻ അബാകറോവിനെ പിന്തള്ളി അമൻ മുന്നേറി.
പാരീസ് ഗെയിംസിൽ ഇന്ത്യയില്‍ നിന്നുള്ള ഏക പുരുഷ ഗുസ്‌തി താരമാണ് അമന്‍ സെഹ്‌രാവത്. ഇന്ത്യൻ ഗുസ്‌തി ട്രയൽസിൽ ടോക്കിയോ വെള്ളി മെഡൽ ജേതാവ് രവി ദാഹിയയെ പരാജയപ്പെടുത്തിയാണ് അമന്‍ പാരീസ് ഒളിമ്പിക്‌സിൽ തന്‍റെ സ്ഥാനം നേടിയത്.
Also Read:'എന്തുകൊണ്ടാണ് പുരുഷന്മാർക്ക് ലിംഗ പരിശോധന നടത്താത്തത്?'; ഒളിമ്പിക്‌സ് വിവാദങ്ങളിൽ പ്രതികരിച്ച് അത്‌ലറ്റ് ശാന്തി സൗന്ദരാജൻ - ATHLETE ON OLYMPIC CONTROVERSIES