കേരളം

kerala

ETV Bharat / sports

പാരിസില്‍ ഷൂട്ടിങ് റേഞ്ച് നാളെ ഉണരും; ഇന്ത്യയ്‌ക്ക് അവസാനിപ്പിക്കേണ്ടത് 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച, പ്രതീക്ഷകള്‍ ഇവര്‍ - Paris 2024 Indian shooters

ഒളിമ്പിക്‌സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ മൂന്നാമത്തെ ഇനമാണ് ഷൂട്ടിങ്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ലഭിച്ചിട്ടില്ല.

MANU BHAKER  SHIFT KAUR SAMRA  പാരിസ് ഒളിമ്പിക്‌സ് 2024  LATEST OLYMPICS NEWS  OLYMPICS 2024
മനു ഭാക്കർ, ഷിഫ്‌ത് കൗര്‍, സരബ്ജ്യോത് സിങ് (ETV Bharat)

By ETV Bharat Kerala Team

Published : Jul 26, 2024, 5:39 PM IST

പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ് റേഞ്ച് നാളെ ഉണരുകയാണ്. ഒളിമ്പിക്‌ ചരിത്രത്തില്‍ ഏറ്റവും വലിയ ഷൂട്ടിങ് സംഘത്തെയാണ് ഇന്ത്യ ഇക്കുറി അയച്ചിരിക്കുന്നത്. 21 താരങ്ങളാണ് പാരിസില്‍ രാജ്യത്തിനായി ഷൂട്ടിങ് റേഞ്ചിലേക്ക് ഇറങ്ങുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ രാജ്യം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ മൂന്നാമത്തെ ഇനമാണ് ഷൂട്ടിങ്.

ഒളിമ്പിക്‌സില്‍ ഇതുവരെ നാല് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വെടിവച്ച് ഇട്ടിട്ടുള്ളത്. 2004-ലെ ഏഥൻസ് ഒളിമ്പിക്‌സിൽ ഡബിള്‍-ട്രാപില്‍ രാജ്യവർധൻ സിങ്‌ റാത്തോഡ് നേടിയ വെള്ളിയാണ് ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. ഇതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവാകാനും രാജ്യവർധൻ സിങ്ങിന് കഴിഞ്ഞു.

തുടര്‍ന്നുള്ള രണ്ട് പതിപ്പുകളിലും ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നേട്ടമുണ്ടാക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 2008-ല്‍ ബെയ്‌ജിങ്ങില്‍ നടന്ന അടുത്ത പതിപ്പിൽ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയതോടെ ഇന്ത്യന്‍ ഷൂട്ടിങ് അഭൂതപൂർവമായ ഉയരങ്ങളിലേക്ക് എത്തി. 10 മീറ്റർ എയർ റൈഫിളിലായിരുന്നു താരം ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബിന്ദ്ര തന്‍റെ പേരില്‍ എഴുതിച്ചേർത്തു.

2012-ലെ ലണ്ടൻ ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നരംഗ് വെങ്കലവും 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും നേടി. എന്നാല്‍ ഇതിന് ശേഷം നടന്ന രണ്ട് പതിപ്പിലും ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. 12 വര്‍ഷങ്ങള്‍ നീണ്ട മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ഇക്കുറി ലക്ഷ്യം വയ്‌ക്കുന്നത്.

പാരിസ് ഒളിമ്പിക്‌സിലെ 15 ഇനങ്ങളിലാണ് ഇന്ത്യൻ ഷൂട്ടർമാർ പങ്കെടുക്കുന്നത്. മനു ഭാക്കർ, ഷിഫ്‌ത് കൗര്‍, സരബ്ജ്യോത് സിങ് തുടങ്ങിയവരാണ് പ്രധാന മെഡല്‍ പ്രതീക്ഷ. ഇഷ്‌ടയിനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന് പുറമെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും മനു ഭാക്കര്‍ മത്സരിക്കുന്നു.

ALSO READ: കുറിച്ചുവെച്ചോളൂ ഇവര്‍ കൊണ്ടുവരും മെഡല്‍; ഉന്നം പിടിക്കുന്നത് മെഡല്‍ പോഡിയത്തിലേക്ക് - INDIAN SHOOTERS IN PARIS OLYMPICS

20 മീറ്റര്‍ റൈഫിൾ ത്രീ പൊസിഷനിലാണ് സിഫ്‌ത് കൗര്‍ സമറ പോരിനിറങ്ങുന്നത്. വ്യക്തിഗത ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന് ഇറങ്ങുന്ന സരബ്ജ്യോത് സിങ് മിക്‌സ്‌ഡ് ഇനത്തില്‍ മനു ഭാക്കർക്കൊപ്പവും ഇറങ്ങുന്നുണ്ട്. പരിചയ സമ്പന്നരായ ഐശ്വര്യ പ്രതാപ് സിങ്‌ തോമർ, അഞ്ജും മൗദ്ഗിൽ, ഇളവെനില്‍ വാളറിവാന്‍ എന്നിവരും സംഘരും സംഘത്തിലുണ്ട്.

ABOUT THE AUTHOR

...view details