പാരിസ് ഒളിമ്പിക്‌സിന്‍റെ അഞ്ചാം ദിനത്തില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ബാഡ്‌മിന്‍റണില്‍ പിവി സിന്ധു, ലക്ഷ്യ സെന്‍, ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍, ഷൂട്ടിങ്ങില്‍ സ്വപ്‌നില്‍ കുശാലെ, ആര്‍ച്ചറിയില്‍ ദീപിക കുമാരി, ടേബിള്‍ ടെന്നീസില്‍ ശ്രീജ അകുല എന്നിവര്‍ മികച്ച പ്രകടനവുമായി മുന്നേറി.
ബാഡ്‌മിന്‍റണ്‍ വനിത സിംഗിള്‍സില്‍ പിവി സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് കടുന്നു. എസ്‌റ്റോണിയയുടെ ക്രിസ്റ്റിൻ കുബയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 21-5 21-10.
പുരുഷവിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ലോക നാലാംനമ്പര്‍ താരമായ ഇംഗ്ലണ്ടിന്‍റെ ജോനാഥന്‍ ക്രിസ്റ്റിയെയാണ് ലക്ഷ്യ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലക്ഷ്യയുടെയും വിജയം. സ്‌കോര്‍: 21-18, 21-12. പ്രീക്വാര്‍ട്ടറില്‍ മിക്കവാറും ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയിയാവും ലക്ഷ്യയുടെ എതിരാളി.
ബോക്‌സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന മുന്നേറിയത്. നോര്‍വേ താരം സുന്നിവ ഹോഫ്സ്റ്റഡിനെ 5-0ന് തകര്‍ത്ത താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടുന്നു. അടുത്ത മത്സരം കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ ലവ്‌ലിനയ്‌ക്ക് പാരിസില്‍ മെഡല്‍ ഉറപ്പിക്കാം. ടോക്കിയോ ഒളിമ്പിക്‌സില്‍ 69 കിലോ വിഭാഗത്തില്‍ ലവ്‌ലിന വെങ്കലം നേടിയിരുന്നു.