ഡർബൻ: മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. ആദ്യ പോരാട്ടം ഡർബനിലെ ഹോളിവുഡ്ബെറ്റ്സ് കിങ്‌സ്‌മീഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാത്രി 9:30ന് ആരംഭിക്കും. 'മുൻകാല പ്രകടനം ഞങ്ങൾക്ക് പ്രശ്നമല്ല, പരമ്പരയ്‌ക്കായാണ് ഇവിടെ വന്നിരിക്കുന്നത്. ഇത് ഒരു വെല്ലുവിളിയാണെന്ന് പാകിസ്ഥാൻ വൈറ്റ് ബോൾ ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ പറഞ്ഞു.
2019 ന് ശേഷമുള്ള പാകിസ്ഥാന്‍റെ ആദ്യ ദക്ഷിണാഫ്രിക്കൻ പര്യടനമാണിത്. മൂന്ന് ഫോർമാറ്റുകളിലും ആതിഥേയ ടീമിനെ പാകിസ്ഥാന്‍ നേരിടും. മുഹമ്മദ് റിസ്വാനെ കൂടാതെ ബാബർ അസമും ഷഹീൻ ഷാ അഫ്രീദിയും ഒരിക്കൽ കൂടി ടീമിന്‍റെ ഭാഗമാകുമ്പോൾ നസീം ഷായ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ബാബർ അസമും സെയ്ം അയൂബും പാകിസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ഫെബ്രുവരിയിൽ സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഉഭയകക്ഷി ടി20 പരമ്പര 2-1 ന് പാകിസ്ഥാൻ സ്വന്തമാക്കിയിരുന്നു. തുടർന്ന് 2021 ഏപ്രിലിൽ സ്വന്തം മണ്ണിൽ 3-1 ന് പരാജയപ്പെട്ടു. എയ്‌ഡൻ മാർക്രമിന് പകരം ഹെൻറിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക.
അടുത്തിടെ ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിന് 1-3 ന് പരമ്പര പരാജയമായിരുന്നു. അതേസമയം സിംബാബ്‌വെയ്‌ക്കെതിരെ അവസാന ടി20 പരമ്പര കളിച്ച പാകിസ്ഥാൻ 2-1ന് വിജയം സ്വന്തമാക്കി.