ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന് ജയം.ആതിഥേയരെ ഡിഎൽഎസ് മെത്തേഡില്‍ 36 റൺസിന് തോല്‍പ്പിച്ച് പാകിസ്ഥാൻ പരമ്പര 3-0ന് സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ സ്വന്തം തട്ടകത്തിൽ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമായി പാകിസ്ഥാൻ. ദക്ഷിണാഫ്രിക്കയിൽ പാകിസ്ഥാന്‍റെ ആദ്യ ഉഭയകക്ഷി പരമ്പര വിജയമാണിത്.
ഓസ്‌ട്രേലിയ, സിംബാബ്‌വെ പര്യടനങ്ങളിലും ഇപ്പോൾ പ്രോട്ടീസിനെതിരെയുള്ള അവസാന മൂന്ന് മത്സരങ്ങളിലും ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്‍റെ കീഴിൽ മികച്ച പ്രകടനമാണ് പാകിസ്ഥാൻ തുടരുന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 81 റണ്‍സിനുമായിരുന്നു പാക് പടയുടെ ജയം.
രണ്ടാം ഏകദിനം പോലെ അവസാന മത്സരവും മഴ രസംകൊല്ലിയായി എത്തിയിരുന്നു. ഇതേതുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സയിം അയുബിന്‍റെ സെഞ്ച്വറി മികവില്‍ 308 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ബാബര്‍ അസമുമായി 115 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച താരം മുഹമ്മദ് റിസ്വാനുമായി ചേര്‍ന്ന് 93 റണ്‍സിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി.
94 പന്തില്‍ നിന്ന് 13 ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 101 റണ്‍സ് നേടി.33 പന്തിൽ 48 റൺസെടുത്ത സൽമാൻ ആഘയുടെ വേഗമേറിയ പ്രകടനമാണ് പാകിസ്ഥാനെ 300 കടക്കാൻ സഹായിച്ചത്. മറുപടി ബാറ്റിങ്ങില്‍ 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42 ഓവറില്‍ 271 റണ്‍സിന് എല്ലാവരും പുറത്തായി.
തുടര്‍ച്ചയായ മൂന്നാമത്തെ അര്‍ധസെഞ്ച്വറി നേടിയ ക്ലാസന്‍ 43 പന്തില്‍ 12 ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 81 റണ്‍സ് നേടി ടോപ് സ്‌കോററായി. ഷാർജയിൽ അഫ്ഗാനിസ്ഥാനോട് തോറ്റതിന് ശേഷം ഈ വർഷം മൂന്ന് ഏകദിന പരമ്പരകളിൽ ഒന്നില്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
- Also Read:മന്ദാന തിളങ്ങി; വിന്‍ഡീസ് വനിതകള്‍ക്കെതിരേ ഇന്ത്യക്ക് 211 റണ്‍സിന്‍റെ കൂറ്റന്‍ ജയം - SMRITI MANDHANA
- Also Read:ബംഗ്ലാദേശിനെ തകര്‍ത്ത് അണ്ടർ 19 വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി - INDIA BEAT BANGLADESH