ഹൈദരാബാദ്:തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കേരളത്തിന്‍റെ മുന്നേറ്റം. പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരം ബാക്കി നില്‍ക്കെയാണ് കേരളം ക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചത്.
ഹൈദരാബാദിലെ ഡെക്കാൻ അരീനയില്‍ നടന്ന മത്സരത്തിന്‍റെ ഓരോ പകുതിയിലും കേരളം ഓരോ ഗോള്‍ വീതം നേടി. മുഹമ്മദ് അജ്‌സല്‍ (40), നസീബ് റഹ്മാൻ (54) എന്നിവരാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്‍റില്‍ അജ്‌സല്‍ നേടുന്ന മൂന്നാമത്തേയും നസീബിന്‍റെ രണ്ടാമത്തെയും ഗോളുമായിരുന്നു ഇത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നായകൻ സഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയുടെ തകര്‍പ്പൻ പ്രകടനമാണ് മത്സരത്തില്‍ കേരളത്തിന്‍റെ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച ഒഡിഷയുടെ മുന്നേറ്റങ്ങളെ ചെറുത്ത് നില്‍ക്കാൻ കേരളത്തിന്‍റെ പ്രതിരോധ നിരയ്‌ക്കായി. ഈ പ്രകടനങ്ങള്‍ക്ക് നായകനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
ടൂര്‍ണമെന്‍റില്‍ ഡിസംബര്‍ 22ന് ഡല്‍ഹിക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. അവസാന കളിയില്‍ തമിഴ്‌നാടിനെയും ടീം നേരിടും. ഈ മാസം 24നാണ് മത്സരം.
Also Read :ഈ വര്‍ഷത്തെ അഞ്ചാം കീരീടം!; ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പും സ്വന്തമാക്കി റയല്‍ മാഡ്രിഡ്