ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ നോട്ടിങ്ഹാം ഫോറസ്റ്റിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്‍റെ ജയം. ഇതോടെ പട്ടികയില്‍ 16 പോയിന്‍റുമായി നോട്ടിങ്ഹാം അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.
മത്സരത്തില്‍ ക്രിസ് വുഡ് ഇരട്ടഗോളുകള്‍ സ്വന്തമാക്കി. ഇതോടെ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി ആകെ ഏഴുഗോളുകള്‍ താരം നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടാണ് 10 ഗോളുമായി നിലവില്‍ ക്രിസ് വുഡിന് മുന്നിലുള്ളത്.
16-ാം മിനിറ്റിൽ നോട്ടിങ്ഹാമിനായി റയാന്‍ യേറ്റ്‌സായിരുന്നു വലകുലുക്കിയത്. എന്നാല്‍ ഏറെ വെെകാതെ ജാമിവാര്‍ഡി ലെസ്റ്റര്‍ക്കായി സമനില ഗോളുകള്‍ നേടി. ആദ്യ പകുതി ഇരുടീമുകളും ആക്രമണം ശക്തമാക്കിയെങ്കിലും സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോട്ടിങ്ഹാമിനായി ലീഡ് ഉയര്‍ത്തി ക്രിസ് വുഡ്. പിന്നാലെ 60-ാം മിനിറ്റില്‍ തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി ക്രിസ് ടീമിനെ വിജയത്തിലെത്തിച്ചു.