മെൽബൺ (ഓസ്‌ട്രേലിയ): ബോർഡർ-ഗവാസ്‌കർ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍ നിന്ന് കരകയറുന്നു. വാലറ്റത്ത് നിന്ന് ഓസീസ് ബൗളിങ് ആക്രമണങ്ങളെ നെഞ്ചുവിരിച്ച് നേരിട്ട യുവതാരം നിതീഷ് കുമാർ റെഡ്ഡിക്ക് സെഞ്ചുറി തിളക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
171 പന്തിൽ 10 ഫോറും ഒരു സിക്‌സറും സഹിതമാണ് റെഡ്ഡി കന്നി സെഞ്ചറി കുറിച്ചത്. അർധ സെഞ്ച്വറി തികച്ചപ്പോള്‍ താരം നേട്ടം അല്ലു അർജുന്‍റെ പുഷ്‌പ സ്റ്റൈലിൽ ആഘോഷിച്ചത് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമായി നിതീഷ്.
2020ന് ശേഷം ആദ്യമായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്ററായി നിതീഷ് കുമാർ മാറി. ഇതിന് മുമ്പ് 2020ൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ അജിങ്ക്യ രഹാനെ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അനിൽ കുംബ്ലെയുടെ റെക്കോർഡാണ് നിതീഷ് തന്‍റെ പേരിൽ കുറിച്ചത്. എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി. എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ 87 റൺസ് നേടിയ അനിൽ കുംബ്ലെയുടെ റെക്കോർഡാണ് താരം തകർത്തത്.
നിധീഷിന്‍റെ സെഞ്ചുറിക്കൊപ്പം ടെസ്റ്റിൽ വാഷിങ്ടൻ സുന്ദറിന്‍റെ നാലാം അർധസെഞ്ചറി കൂടി ചേർന്നതോടെയാണ് ഇന്ത്യ തകർച്ചയില്‍ നിന്ന് ഒഴിവായത്. വെളിച്ചക്കുറവു കാരണം മത്സരം നിർത്തുമ്പോള്‍ 116 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്‌ടത്തില്‍ 358 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നിതീഷ് റെഡ്ഡി (105), മുഹമ്മദ് സിറാജ് (രണ്ട്) എന്നിവരാണ് നിലവില്‍ ക്രീസിലുള്ള. ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് റണ്‍സിനേക്കാള്‍ 116 റൺസ് പിന്നിലാണ് ഇന്ത്യ. ഋഷഭ് പന്ത് (28), ജഡേജ (17), വാഷിങ്ടൻ സുന്ദർ (50), ജസ്പ്രീത് ബുമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായ താരങ്ങൾ.
Also Read: 'നിങ്ങൾ എന്ത് തെറ്റാണ് ചെയ്‌തത്, ഈ തരംതാഴ്ത്തൽ?'-രാഹുലിനെ സ്ലെഡ്‌ജ് ചെയ്‌ത് ഓസീസ് താരം - NATHAN LYON ON KL RAHUL