ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന് ജയിച്ചാണ് ഓസീസ് പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം കിവീസ് ഉയര്‍ത്തിയ 279 റണ്‍സിന്‍റെ ലക്ഷ്യം ഏഴ് വിക്കറ്റുകള്‍ നഷ്‌ടത്തിലാണ് ഓസീസ് മറികടന്നത്. (New Zealand vs Australia 2nd Test Highlights)
സ്‌കോര്‍: ന്യൂസിലന്‍ഡ് 162, 372 - ഓസ്‌ട്രേലിയ 256, 281/7. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ത്രില്ലര്‍ പോരില്‍ അലക്‌സ് ക്യാരി (Alex Carey), മിച്ചല്‍ മാര്‍ഷ് (Mitchell Marsh) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഓസീസിനെ രക്ഷിച്ചത്. അലക്‌സ് ക്യാരി 123 പന്തില്‍ പുറത്താവാതെ 98 റണ്‍സ് നേടി ടീമിന്‍റെ ടോപ് സ്‌കോററായി. 102 പന്തില്‍ 80 റണ്‍സായിരുന്നു മാര്‍ഷിന്‍റെ സമ്പാദ്യം.
ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസീസിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് ചേര്‍ന്നപ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായിരുന്നു. സ്റ്റീവ് സ്‌മിത്ത് (25 പന്തില്‍ 9), മര്‍നസ് ലബുഷെയ്ന്‍ (8 പന്തില്‍ 6), ഉസ്മാന്‍ ഖവാജ (24 പന്തില്‍ 11), കാമറൂണ്‍ ഗ്രീന്‍ (21 പന്തില്‍ 5) ട്രാവിസ് ഹെഡ് (43 പന്തില്‍ 18) എന്നിവരായിരുന്നു തീര്‍ത്തും നിരാശപ്പെടുത്തിയത്. ഇതോടെ കിവീസ് ജയം കൊതിയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മിച്ചല്‍ മാര്‍ഷ് - അലക്‌സ് ക്യാരി സഖ്യം നിലയുറപ്പിച്ചു.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും ഓസീസിനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്‌തു. 140 റണ്‍സ് ചേര്‍ത്ത സഖ്യം മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയാണ് കിവീസ് പൊളിച്ചത്. 10 ബൗണ്ടറികളും ഒരു സിക്‌സും നേടിയാണ് മാര്‍ഷ് തിരികെ കയറിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനേയും (0) തൊട്ടടുത്ത പന്തില്‍ മടക്കിയതോടെ കിവീസിന് വീണ്ടും പ്രതീക്ഷ വച്ചു.