വെല്ലിങ്‌ടണ്‍ :ഐസിസി ടി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. സീനിയര്‍ താരം കെയ്‌ൻ വില്യംസണ്‍ ആണ് ലോകകപ്പില്‍ ടീമിനെ നയിക്കുക. ടി20 ലോകകപ്പിന്‍റെ ഒമ്പതാം പതിപ്പില്‍ പരിചയ സമ്പന്നരായ നിരയാക്ക് കീഴില്‍ ക്രിക്കറ്റിലെ കുട്ടി ഫോര്‍മാറ്റിലെ ആദ്യ കിരീടമാണ് കിവീസ് ലക്ഷ്യമിടുന്നത്.
നായകൻ കെയ്‌ൻ വില്യംസണിന്‍റെ ആറാമത്തെ ടി20 ലോകകപ്പാണിത്. അതില്‍ നാല് പ്രാവശ്യവും ടീമിനെ നയിച്ചതും വില്യംസണ്‍ ആണ്. കഴിഞ്ഞ ലോകകപ്പില്‍ വില്യംസണിന് കീഴില്‍ സെമിയിലാണ് ടീം പുറത്തായത്.
വെറ്ററൻ താരങ്ങളായ ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട് എന്നിവരും ഇക്കുറി ന്യൂസിലന്‍ഡ് നിരയിലുണ്ട്. സൗത്തിയുടെ ഏഴാമത്തെയും ബോള്‍ട്ടിന്‍റെ അഞ്ചാമത്തെയും ലോകകപ്പാണ് വരാനിരിക്കുന്നത്. പരിക്കിന്‍റെ പിടിയിലുള്ള പേസര്‍മാരായ കെയ്‌ല്‍ ജാമീസണ്‍, ആദം മില്‍നെ എന്നിവര്‍ സ്ക്വാഡില്‍ ഇല്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ്.
കൂടാതെ, മോശം ഫോമിലുള്ള ടോം ലാഥം, ടിം സെയിഫെര്‍ട്ട് എന്നിവര്‍ക്കും ലോകകപ്പ് നഷ്‌ടമായേക്കും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ യുവതാരം രചിൻ രവീന്ദ്ര കിവീസിന്‍റെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിച്ചിട്ടുണ്ട്. യുവ പേസര്‍ ബെൻ സിയേഴ്‌സാണ് ടീമിലെ ഏക റിസര്‍വ് താരം.
ജൂണ്‍ രണ്ടിന് യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് ന്യൂസിലന്‍ഡ്. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്, അഫ്‌ഗാനിസ്ഥാൻ, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ ടീമുകളാണ് ഗ്രൂപ്പില്‍ കിവീസിന്‍റെ എതിരാളികള്‍. ജൂണ്‍ ഏഴിന് അഫ്‌ഗാനിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ ആദ്യ മത്സരം.
ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് 2024 സ്‌ക്വാഡ്:കെയ്‌ൻ വില്യംസണ്‍ (ക്യാപ്‌റ്റൻ), ഫിൻ അലൻ, ട്രെന്‍റ് ബോള്‍ട്ട്, മൈക്കില്‍ ബ്രേസ്‌വെല്‍, മാര്‍ക് ചാപ്‌മാൻ, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി.