ബെംഗളൂരു: നടക്കാനിരിക്കുന്ന മത്സരങ്ങളുടെ തയ്യാറെടുപ്പിന്‍റെ ഭാഗമായി നേപ്പാൾ ക്രിക്കറ്റ് ടീം രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പ്രെപ്പ് സീരീസിനായി തയ്യാറെടുക്കാൻ ഇന്ത്യയിലേക്ക് പോകുന്നുവെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ബെംഗളൂരു എന്‍.സി.എയിലെ രണ്ടാഴ്‌ചത്തെ പരിശീലനം ഞങ്ങളുടെ കളിക്കാരുടെ കഴിവുകളും തന്ത്രങ്ങളും മൂർച്ച കൂട്ടും. അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് അവര്‍ കുറിച്ചു.
നേപ്പാൾ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും മിന്നുന്ന പ്രകടനമാണ് നടത്തിയത്. 2024ലെ ടി20 ലോകകപ്പിൽ നേപ്പാൾ ടീം ദക്ഷിണാഫ്രിക്കയോട് 1 റണ്ണിന് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയെ പോലെ ശക്തമായ ടീമിനെ നേപ്പാൾ വിയർപ്പിച്ചു. മറ്റ് രണ്ട് ടീമുകൾക്കും നേപ്പാള്‍ കടുത്ത മത്സരമാണ് നൽകിയത്. ഇന്ത്യയില്‍ മികച്ച പരിശീലകരും സൗകര്യങ്ങളും ഉള്ളതിനാൽ നേപ്പാള്‍ താരങ്ങള്‍ അവരുടെ കളി കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നത്. നേപ്പാളിൽ നിന്നുള്ള 15 ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യയിൽ പരിശീലനം നടത്തുന്നത്. 2026ലെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ നേപ്പാൾ ടീം ആരംഭിച്ചു.