ലോസാനെ (സ്വിറ്റ്‌സർലൻഡ്): ഇന്ത്യയുടെ സുവര്‍ണ ജാവലിൻ ത്രോ താരവും പാരീസ് ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവുമായ നീരജ് ചോപ്ര ലോസാൻ ഡയമണ്ട് ലീഗില്‍ മിന്നിത്തിളങ്ങി. അരക്കെട്ടിന് പരിക്കേറ്റിട്ടും താരം മത്സരത്തിൽ തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു. സീസണിലെ ബെസ്റ്റ് 89.49 മീറ്റർ എറിഞ്ഞ ചോപ്ര ഡയമണ്ട് ലീഗ് മീറ്റിങ് സീരീസ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി ഫൈനലിൽ പ്രവേശിച്ചു.
82.10 മീറ്റർ എറിഞ്ഞ നീരജ് മോശം തുടക്കമായിരുന്നു നടത്തിയത്. ആദ്യ ത്രോയ്ക്ക് ശേഷം നീരജ് നാലാമനായി. രണ്ടാം ത്രോ 83.21 മീറ്റർ എറിഞ്ഞ് മൂന്നാമനായി. മൂന്നാം റൗണ്ടിൽ 83.13 മീറ്റർ എറിഞ്ഞ നീരജ് ചോപ്ര നാലാം സ്ഥാനത്തെത്തിയതോടെ ടോപ് മൂന്നിൽ ഇടം നേടാനായില്ല. നാലാം റൗണ്ടിലും 82.34 മീറ്റർ എറിഞ്ഞ താരം നിരാശപ്പെടുത്തി.
അഞ്ചാം റൗണ്ടിൽ 85.58 മീറ്റർ എറിഞ്ഞ നീരജ് ചോപ്ര വീണ്ടും ആദ്യ മൂന്നിൽ എത്തി. ഇതില്‍ തന്‍റെ ഏറ്റവും മികച്ച ത്രോ രേഖപ്പെടുത്തുകയും 83.38 മീറ്റർ എറിഞ്ഞ ഉക്രെയ്നിന്‍റെ ഫെൽഫ്‌നറെ പിന്നിലാക്കി നീരജ്. ആറാം റൗണ്ടിൽ താരം സീസണിലെ മികച്ച ത്രോ നടത്തി. 90 മീറ്ററിൽ താഴെയാണ് എറിഞ്ഞു വീഴ്‌ത്തിയത്. സീസണിലെ ഏറ്റവും മികച്ച 89.49 മീറ്റർ എറിഞ്ഞ നീരജ് ഡയമണ്ട് ലീഗ് മീറ്റിങ് സീരീസ് സ്റ്റാൻഡിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ഫൈനലിലേക്ക് യോഗ്യത നേടി.
അവസാന നില:
- ആൻഡേഴ്ൺ പീറ്റേഴ്‌സ് (ഗ്രെനഡ) - 90.61 മീ
- നീരജ് ചോപ്ര (ഇന്ത്യ) - 89.49 മീ
- ജൂലിയൻ വെബർ (ജർമ്മനി) - 87.08 മീ
അവസാന ശ്രമത്തിൽ 90.61 മീറ്റർ എറിഞ്ഞ ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് മീറ്റ് റെക്കോർഡ് തകർത്തു. ഉജ്ജ്വല ത്രോയിലൂടെ 2015ൽ കെഷോർൺ വാൽക്കോട്ട് സ്ഥാപിച്ച 90.16 മീറ്റർ മീറ്റ് റെക്കോഡാണ് ആൻഡേഴ്‌സൺ തകർത്തത്.