ഡൽഹി:ട്വന്‍റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. എക്കാലവും ആവേശകരമായ പ്രകടനത്തിന് നന്ദിയെന്നും മോദി പറഞ്ഞു.
"പ്രിയ @imjadeja, ഒരു ഓൾറൗണ്ടർ എന്ന നിലയിൽ നിങ്ങൾ അസാധാരണമായ പ്രകടനമാണ് നടത്തിയത്. നിങ്ങളുടെ സ്റ്റൈലിഷ് സ്ട്രോക്ക് പ്ലേ, സ്‌പിൻ, മികച്ച ഫീൽഡിങ് എന്നിവയെ ക്രിക്കറ്റ് പ്രേമികൾ അഭിനന്ദിക്കുന്നു. വർഷങ്ങളായി ആവേശകരമായ ട്വന്‍റി 20 പ്രകടനങ്ങൾക്ക് നന്ദി. നിങ്ങളുടെ മുന്നോട്ടുള്ള പ്രയത്‌നങ്ങൾക്ക് എൻ്റെ ആശംസകൾ" - മോദി എക്‌സിൽ കുറിച്ചു.
ട്വന്‍റി 20 ക്രിക്കറ്റിൽ കപ്പ് ഉയർത്തിയ ടീം അംഗങ്ങളെയെല്ലാം പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
"ഗ്രൗണ്ടിൽ ലോകകപ്പാണ് നിങ്ങൾ ജയിച്ചതെങ്കിലും ഗ്രാമങ്ങൾ, നഗരങ്ങൾ, തെരുവുകൾ എന്നിവിടങ്ങളിലെ കോടിക്കണക്കിന് ജനഹൃദയമാണ് കീഴടക്കിയത്. ഈ ലോകകപ്പ് പ്രത്യേക കാരണങ്ങളാൽ ഓർമ്മിക്കപ്പെടും. ഒരുപാട് രാജ്യങ്ങൾ ഉണ്ടായിട്ട് കൂടി ഒരു കളിപോലും തോൽക്കാതെയാണ് ലോകകപ്പ് സ്വന്തമാക്കുന്നത്. അതൊരു ചെറിയ നേട്ടമല്ല. ലോക ക്രിക്കറ്റിലെ പ്രഗത്ഭരെ എല്ലാം തന്നെ തോൽപ്പിച്ചാണ് നിങ്ങൾ വിജയം കൈവരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനിക്കുന്നു. ചരിത്രമാണ് ഈ കളി" - പ്രധാനമന്ത്രി പറഞ്ഞു.
13 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ലോകകപ്പ് ജേതാക്കളാകുന്നത്. നേരത്തെ 2011 ൽ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ജേതാക്കളായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു ലോകകപ്പ് കിരീടം നേടുന്നത്.
Also Read: 11 വർഷത്തെകാത്തിരിപ്പിന് വിരാമം; ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ