ബെംഗളൂരു :വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് (Mumbai Indians) ഇന്നിറങ്ങും. ഗുജറാത്ത് ജയന്‍റ്‌സാണ് (Gujarat Giants) രണ്ടാം പോരാട്ടത്തില്‍ ഹര്‍മൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുന്നത് (Mumbai Indians vs Gujarat Giants Match Preview).
സീസണില്‍ ഗുജറാത്ത് ജയന്‍റ്‌സിന്‍റെ ആദ്യ മത്സരമാണ് ഇന്ന്. വനിത പ്രീമിയര്‍ ലീഗിന്‍റെ പ്രഥമ പതിപ്പില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു ഗുജറാത്ത്. കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും ബെത്ത് മൂണിയും സംഘവും ഇക്കുറി ഓരോ മത്സരങ്ങള്‍ക്കും ഇറങ്ങുക. ക്യാപ്‌റ്റനൊപ്പം ആഷ്‌ലി ഗാര്‍ഡ്‌നര്‍, ഇന്ത്യൻ താരം ഹര്‍ലീൻ ഡിയോള്‍ എന്നിവരിലാണ് ഗുജറാത്ത് ജയന്‍റ്‌സിന്‍റെ പ്രതീക്ഷ.
ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്നത്. ചിന്നസ്വാമിയില്‍ നടന്ന ആദ്യ കളിയില്‍ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ഡല്‍ഹി ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടക്കുകയായിരുന്നു.