കേരളം

kerala

ETV Bharat / sports

ജയിച്ച് തുടങ്ങുമോ ദൈവത്തിന്‍റെ പോരാളികള്‍? ചരിത്രം തിരുത്താൻ ഹാര്‍ദികും കൂട്ടരും 'റെഡി' - IPL 2024 - IPL 2024

2012ന് ശേഷം ഒരിക്കല്‍ പോലും ഐപിഎല്‍ സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം നേടാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടില്ല.

MUMBAI INDIANS  MUMBAI INDIANS OPENER LOSE STREAK  MI FIRST MATCH RECORD IN IPL  MI VS GT IPL 2024
IPL 2024

By ETV Bharat Kerala Team

Published : Mar 24, 2024, 1:46 PM IST

അഹമ്മദാബാദ് : ഐപിഎല്‍ (IPL) ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമാണ് മുംബൈ ഇന്ത്യൻസ് (Mumbai Indians). പതിനേഴാം പതിപ്പിലേക്ക് എത്തിയിരിക്കുന്ന ഇന്ത്യയിലെ കുട്ടി ക്രിക്കറ്റ് പൂരത്തില്‍ അഞ്ച് തവണയാണ് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്. പുതിയ നായകന് കീഴില്‍ ആറാം കിരീടം തേടിയാണ് ഇക്കുറി മുംബൈ ഇന്ത്യൻസ് കളത്തിലിറങ്ങുന്നത്.

ആറാം കിരീടം തേടിയാണ് മുംബൈ ഇന്ത്യൻസ് എത്തുന്നതെങ്കിലും സീസണിലെ ആദ്യ മത്സരം തോറ്റ് തുടങ്ങുന്ന പതിവ് ഇക്കുറി അവര്‍ അവസാനിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2012ല്‍ ആയിരുന്നു മുംബൈ അവസാനമായി ഒരു ഐപിഎല്‍ സീസണില്‍ തങ്ങളുടെ ആദ്യ മത്സരം ജയിച്ച് തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് ഒരിക്കല്‍പോലും സീസണിലെ സീസണിലെ ആദ്യ മത്സരം ജയിക്കാൻ മുംബൈയ്‌ക്കായിട്ടില്ല.

2013ല്‍ ആയിരുന്നു ഇതിന്‍റെ തുടക്കം. അന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ട് റണ്‍സിനാണ് മുംബൈ ഇന്ത്യൻസിനെ അവരുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍, ആ സീസണില്‍ ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ കിരീടം നേടിയെടുക്കാനും മുംബൈയ്‌ക്ക് സാധിച്ചു.

ചാമ്പ്യന്മാരുടെ പകിട്ടുമായി 2014ല്‍ ഐപിഎല്‍ കളിക്കാനെത്തിയ മുംബൈ ആദ്യ മത്സരം കൊല്‍ക്കത്തയ്‌ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 41 റണ്‍സിനായിരുന്നു അന്ന് കെകെആറിന്‍റെ ജയം. തൊട്ടടുത്ത വര്‍ഷവും കൊല്‍ക്കത്തയാണ് മുംബൈ ഇന്ത്യൻസിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്.

2016, 2017 വര്‍ഷങ്ങളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‌സിനോട് തോറ്റുകൊണ്ടാണ് മുംബൈ ഐപിഎല്‍ യാത്ര തുടങ്ങിയത്. ഇതില്‍ 2017ല്‍ കിരീടം നേടാനും അവര്‍ക്കായി. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റുകൊണ്ടാണ് മുംബൈ തുടങ്ങിയത്. 2019ല്‍ ഡല്‍ഹിയോടാണ് മുംബൈ ആദ്യ കളി തോറ്റത്.

2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 2021, 2023 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, 2021ല്‍ ഡല്‍ഹി കാപിറ്റല്‍സ് ടീമുകളായിരുന്നു ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. ഇത്തവണ കരുത്തരായ ഗുജറാത്ത് ടൈറ്റൻസാണ് സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ എതിരാളികള്‍. പുതിയ നായകന് കീഴില്‍ കളിക്കാനിറങ്ങുന്ന മുംബൈ ഇന്ത്യൻസ് തോല്‍വിയോടെ തുടങ്ങുന്ന പതിവ് തെറ്റിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. രാത്രി ഏഴരയ്‌ക്ക് മത്സരം ആരംഭിക്കും.

Read More :പുതിയ നായകന്മാര്‍, കുതിപ്പ് തുടങ്ങാൻ ഗുജറാത്തും മുംബൈയും; അഹമ്മദാബാദില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം - IPL 2024

ABOUT THE AUTHOR

...view details