മുംബൈ :പുതിയ നായകന് കീഴില്ആറാം കിരീടം തേടിയെത്തിയ മുംബൈ ഇന്ത്യൻസിന് (Mumbai Indians) പ്രതീക്ഷിച്ച തുടക്കമല്ല ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) ലഭിച്ചിരിക്കുന്നത്. സീസണില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റണ്‍സിനും ഹൈദരാബാദില്‍ സണ്‍റൈസേഴ്സിനോട് 31 റണ്‍സിനുമാണ് മുംബൈയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്.
മുംബൈ ഇന്ത്യൻസിന്റെ പ്രകടനങ്ങളില്‍ ആരാധകരും അത്ര ഹാപ്പിയല്ല. സീസണ് ആരംഭിക്കുന്നതിന് മുന്‍പ് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെ തന്നെ ടീമിനുള്ളിലെ അന്തരീക്ഷം കലുഷിതമായെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ടീമിനുള്ളിലെ പ്രശ്നം കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയേയും മുൻ നായകൻ രോഹിത് ശര്‍മയേയും പിന്തുണയ്ക്കുന്നവര്‍ രണ്ട് പക്ഷങ്ങളിലാണ് നിലവില്‍ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ഉള്ളതെന്നാണ് സൂചന. ടീമിലെ പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ ഉള്‍പ്പടെയുള്ള ചില താരങ്ങള്‍ രോഹിത് ശര്മയ്ക്കൊപ്പമാണ്. എന്നാല്‍, ഇഷാൻ കിഷൻ ഉള്‍പ്പടെയുള്ള ചില താരങ്ങള്‍ നായകൻ ഹാര്‍ദിക് പാണ്ഡ്യയെ ആണ് പിന്തുണയ്ക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് (Mumbai Indians Divided Into Two Factions).
ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകരും: ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരമായിരുന്നു ഹാര്‍ദിക് പണ്ഡ്യ. 2022ല്‍ ഗുജറാത്ത് ടൈറ്റൻസ് ടൂര്ണമെന്റിലേക്ക് വരവറിയിച്ചപ്പോഴാണ് താരം മുംബൈ വിട്ടത്.
നായകനായി ആദ്യ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് തൊട്ടടുത്ത വര്‍ഷം ഫൈനലിലും എത്തിക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചു. എന്നാല്‍, ഇതിനിടെ മുംബൈ ഇന്ത്യൻസിനെ ഇകഴ്ത്തുന്ന തരത്തില്‍ നിരവധി പരാമര്‍ശങ്ങളും താരം നടത്തി. ഇതോടെയാണ് ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ തിരിഞ്ഞത്.