മുംബൈ :ഐപിഎല്ലിന് (IPL 2024) പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ (Virat Kohli) സ്ഥാനത്തെ ചൊല്ലി വമ്പന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. 35-കാരനായ താരത്തിന് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടമില്ലെന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നടക്കുന്ന അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിയ്‌ക്ക് യോജിച്ചതല്ല എന്ന വിലയിരുത്തലാണ് ഇതിന് കാരണം.
ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയാല്‍ മാത്രമേ താരത്തിന് മുന്നില്‍ ടീമിന്‍റെ വാതില്‍ തുറക്കൂ എന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് കോലിയെ അതി ശക്തമായി പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരവും ചീഫ് സെലക്‌ടറുമായിരുന്ന എംഎസ്‌കെ പ്രസാദ് (MSK Prasad). ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ താരമാണ് കോലിയെന്നാണ് അദ്ദേഹം പറയുന്നത്.
"ടി20 ലോകകപ്പിൽ വിരാട് കോലി ഇന്ത്യക്ക് ഏറെ നിർണായകമായ താരമാണ്. അവന്‍റെ കഴിവ് തെളിയിക്കുന്നതിനുള്ള സ്ഥലം ഐപിഎല്‍ ആണെന്ന് എങ്ങനെയാണ് സെലക്‌ടര്‍മാര്‍ ചിന്തിക്കുന്നത്. ഇന്ത്യയ്‌ക്കായി അടുത്തിടെ കോലി കളിക്കാതിരുന്നത് ഒരിക്കലും ഫോമിന്‍റെ പേരിലായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ അവന്‍ മാറി നില്‍ക്കുകയാണ് ചെയ്‌തത്. ഏറെക്കാലമായി കോലി മികച്ച ഫോമിലാണുള്ളത്. ഈ ഐപിഎല്ലിലും അവന്‍ റണ്‍സ് അടിച്ചുകൂട്ടും" - എംഎസ്‌കെ പ്രസാദ് പറഞ്ഞു.
ALSO READ: ഒരു സിക്‌സ് അടിക്കാന്‍ എന്തിന് 10 പന്തുകള്‍ കാത്തിരിക്കണം ; നയം വ്യക്തമാക്കി സഞ്‌ജു സാംസണ്‍