ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2024) 17-ാം പതിപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ വിജയത്തുടക്കം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞിരുന്നു. സീസണിന് തൊട്ടുമുമ്പ് നായക സ്ഥാനത്ത് നിന്നും ഇതിഹാസം താരം എംഎസ് ധോണി (MS Dhoni) പടിയിറങ്ങിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (Royal Challengers Bengaluru) എതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ (Ruturaj Gaikwad) നേതൃത്വത്തില്‍ കളിച്ച ചെന്നൈ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു സ്വന്തമാക്കിയത്.
നായകനല്ലെങ്കിലും സ്വന്തം തട്ടകമയായ ചെപ്പോക്കില്‍ അരങ്ങേറിയ മത്സരത്തില്‍ റുതുരാജിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും പിന്നീട് സ്വയം ഫീല്‍ഡ് ചെയ്‌തും ധോണി സാന്നിധ്യമറിയിച്ചിരുന്നു. 26-ന് ചെപ്പോക്കില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) എതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരം കളിക്കുന്നത്. ഇതിനിടെ ലഭിച്ച ഇടവേളയില്‍ എംഎസ് ധോണി സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാനെത്തിയെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.
ചെന്നൈയിലെ പ്രശ്‌തമായ സത്യം സിനിമാസിലാണ് ചെന്നൈ മുന്‍ ക്യാപ്റ്റന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാനെത്തിയത്. തീയേറ്ററില്‍ നിന്നും ചെന്നൈ ടീമംഗമായ ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം പുറത്തുവരുന്ന 42-കാരന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റടിച്ചിരുന്നു.