ന്യൂഡല്‍ഹി :നിലവില്‍ ഇന്ത്യന്‍ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നവരില്‍ പലരും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എംഎസ് ധോണി (MS Dhoni). ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് ധോണി അറിയപ്പെടുന്നതും. ധോണി എന്ന നായകന് കീഴില്‍ രണ്ട് ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍, ഒരു നായകന് തന്‍റെ സഹതാരത്തില്‍ നിന്നുള്ള ആദരവ് എങ്ങനെ നേടാനാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി. തന്‍റെ പ്രവര്‍ത്തികളിലൂടെ ടീം അംഗങ്ങളുടെ ബഹുമാനവും വിശ്വസ്‌തതയും നേടുക എന്നതാണ് ലീഡര്‍ഷിപ്പിന്‍റെ അടിസ്ഥാന വശമെന്നും എംഎസ് ധോണി അഭിപ്രായപ്പെട്ടു.
'ഒരാളില്‍ നിന്നുള്ള ബഹുമാനം ലഭിക്കുന്നതില്‍ വിശ്വസ്‌തതയ്‌ക്ക് വലിയ പങ്കാണുള്ളത്. ഡ്രസിങ് റൂമില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകളോ മറ്റ് ടീം അംഗങ്ങളോ നിങ്ങളെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരില്‍ നിന്നുള്ള വിശ്വാസം നേടിയെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇത് നിങ്ങളുടെ സംസാരത്തെയല്ല, പ്രവര്‍ത്തികളെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഒന്നും സംസാരിച്ചില്ലെങ്കിലും പെരുമാറ്റം കൊണ്ട് തന്നെ നിങ്ങള്‍ക്ക് പലരുടെയും ബഹുമാനം നേടാനാകും. ഒരു ലീഡര്‍ എന്ന നിലയില്‍ മറ്റുള്ളവരില്‍ ബഹുമാനം നേടുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങളുടെ സ്ഥാനവും റാങ്കുമായിരിക്കില്ല പെരുമാറ്റം ആയിരിക്കാം കൊണ്ടുവരുന്നത്.