കേരളം

kerala

ETV Bharat / sports

ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ലോകം വെട്ടിപ്പിടിച്ച നായകൻ; ഇന്ത്യയുടെ ക്യാപ്‌റ്റൻ കൂളിന് ഇന്ന് 43ാം പിറന്നാള്‍ - Happy Birthday MS Dhoni

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 43-ാം പിറന്നാള്‍.

MS DHONI AGE  MS DHONI BIRTHDAY  എം എസ് ധോണി  ധോണി പിറന്നാള്‍
HAPPY BIRTHDAY MS DHONI (Etv Bharat)

By ETV Bharat Kerala Team

Published : Jul 7, 2024, 1:12 PM IST

'ഇന്ത്യൻ ക്രിക്കറ്റിന്‍റേയും ആരാധകരുടേയും സ്വപ്‌നങ്ങൾ നിറവേറ്റാൻ റാഞ്ചിയിൽ നിന്നും അവതരിച്ച പ്രിയപ്പെട്ട എംഎസ് ധോണി നിങ്ങൾക്ക് ഒരായിരം ജന്മദിനാശംസകൾ...' ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും മുൻ നായകൻ എംഎസ് ധോണിയ്‌ക്ക് ഇന്ന് 43-ാം പിറന്നാള്‍. ക്രിക്കറ്റില്‍ ഇന്ത്യയെ നേട്ടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ കൂളിന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ധോണി ആരാധകര്‍.

ഒരു റണ്‍ഔട്ടില്‍ തുടങ്ങി മറ്റൊരു റണ്‍ഔട്ടില്‍ അവസാനിച്ച രാജ്യാന്തര ക്രിക്കറ്റ് കരിയര്‍. ആ കാലഘട്ടത്തിനിടെ ഇന്ത്യൻ ക്രിക്കറ്റിന് അയാള്‍ നല്‍കിയ സംഭാവനകള്‍ ആരും മറക്കില്ല. ഒരു സിനിമാക്കഥ പോലെ ആരാധകരെ വിസ്‌മയിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ടീമിനൊപ്പം അയാള്‍ നടത്തിയ യാത്ര.

1983ലെ ലോകകപ്പ് നേട്ടം മുതല്‍ക്ക് തന്നെ ഇന്ത്യൻ ജനതയ്‌ക്ക് ക്രിക്കറ്റ് എന്നത് ഒരു വികാരമായിരുന്നു. ടീമിന്‍റെ ജയങ്ങളില്‍ ആരാധകര്‍ കയ്യടിച്ചു. തോല്‍വികളില്‍ വിമര്‍ശിച്ചു.

ഓസ്‌ട്രേലിയയെ പോലൊരു ടീം തുടര്‍ച്ചയായി കിരീടങ്ങള്‍ നേടുന്നത് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും അത്ഭുതപ്പെട്ടു. ഇംഗ്ലണ്ടില്‍ പോയി കപില്‍ ദേവിന്‍റെ ചെകുത്താന്മാര്‍ ലോകകിരീടം ഉയര്‍ത്തിയത് പോലൊരു നേട്ടം ഇനിയെന്നാകും തങ്ങള്‍ കാണുക എന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടുണ്ടായിരിക്കാം. മുഹമ്മദ് അസറുദീൻ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് അങ്ങനെ നായകന്മാര്‍ പലരും വന്ന് പോയി. എന്നിട്ടും ഇന്ത്യയ്‌ക്ക് ഐസിസി കിരീടം കിട്ടാക്കനി.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഏറ്റവും മോശം അദ്യായങ്ങളില്‍ ഒന്നാണ് 2007ലെ ഏകദിന ലോകകപ്പ്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ വെസ്റ്റ് ഇൻഡീസിലേക്ക് ലോകകപ്പ് കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ സംഘത്തിന് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആരാധകപ്രതിഷേധമായിരുന്നു അന്ന് തിരികെയെത്തിയ ടീമിനെ വരവേറ്റത്.

അതേവര്‍ഷം തന്നെ ആദ്യ ടി20 ലോകകപ്പിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്നു. പ്രധാന താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇല്ലാതെയാണ് ബിസിസിഐ ടീമിനെ ലോകകപ്പിന് അയച്ചത്.

2004 -ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണിയെയായിരുന്നു ബിസിസിഐ നായക സ്ഥാനം ഏല്‍പ്പിച്ചത്. അന്ന് കിരീടം തൂക്കിയായിരുന്നു എംഎസ്‌ ധോണിയുടെ സംഘം ഇന്ത്യയിലേക്ക് തിരികെ പറന്നത്. പിന്നീട് ലോകം കണ്ടത് ധോണിയെന്ന നായകന് കീഴില്‍ നീലപ്പട ക്രിക്കറ്റ് സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന കാഴ്‌ചയാണ്. ധോണിപ്പട നടത്തിയ തേരോട്ടത്തില്‍ 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും കൂടെപ്പോരുകയും ചെയ്‌തു.

Also Read :റൺഔട്ടില്‍ തുടങ്ങി റൺഔട്ടില്‍ അവസാനിച്ച രാജ്യാന്തര കരിയർ, അതിനിടയില്‍ സംഭവിച്ചതൊന്നും ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാകില്ലല്ലോ

ABOUT THE AUTHOR

...view details