ഇൻഡോര്‍:ക്രിക്കറ്റിലേക്ക് ഒരു വര്‍ഷത്തിന് ശേഷമുള്ള മടങ്ങി വരവ് ആഘോഷമാക്കി പേസര്‍ മുഹമ്മദ് ഷമി. രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഷമി തകര്‍പ്പൻ ബൗളിങ്ങ് പ്രകടനവുമായി തിളങ്ങിയത്. മത്സരത്തില്‍ 19 ഓവര്‍ പന്തെറിഞ്ഞ ഷമി നാല് മെയ്ഡൻ ഓവറുകള്‍ ഉള്‍പ്പടെ 54 റണ്‍സും വഴങ്ങിയിരുന്നു.
ഇൻഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 228 റണ്‍സിനായിരുന്നു ബംഗാള്‍ പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 103-1 എന്ന മികച്ച നിലയിലായിരുന്നു രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍, ഷമിയുടെ നേതൃത്വത്തില്‍ പന്തെറിഞ്ഞ ബംഗാള്‍ നിര മധ്യപ്രദേശിനെ 167 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു.
മധ്യപ്രദേശ് ക്യാപ്റ്റൻ ശുഭം ശര്‍മ (8), സാരാന്‍ശ് ജെയിന് (7), കുമാര്‍ കാര്‍ത്തികേയ (9), കുല്‍വന്ദ് കെജ്രോളിയ (0) എന്നിവരാണ് ഷമിയുടെ വേഗത്തിന് മുന്നില്‍ വീണത്. ഷമിയുടെ തകര്‍പ്പൻ പ്രകടനത്തിന്റെ കരുത്തില്‍ ഒന്നാം ഇന്നിങ്സില്‍ 61 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് ലോകകപ്പിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ മാസം ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലൂടെ താരം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.