മുംബൈ:ഐപിഎല്‍ മെഗാതാരലേലത്തില്‍ തന്‍റെ വില കുറയുമെന്ന് പ്രവചിച്ച മുൻതാരം സഞ്ജയ് മഞ്ജരേക്കറിന് മറുപടിയുമായി ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. ഭാവിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവര്‍ സാറിനെ കാണണം എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രവചനത്തിന് ഷമയുടെ മറുപടി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു വരാനിരിക്കുന്ന താരലേലത്തില്‍ മുഹമ്മദ് ഷമിയുടെ വില കുറയുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്. പരിക്കായിരിക്കും ഷമിക്ക് തിരിച്ചടിയാകുക. ഇന്ത്യൻ പേസറെ സ്വന്തമാക്കാൻ എല്ലാ ടീമുകളും ആഗ്രഹിക്കുന്നുണ്ടാകും.
എന്നാല്‍, അദ്ദേഹത്തിന്‍റെ പരിക്കുകളുടെ ചരിത്രം പരിശോധിച്ചാല്‍ വിലയില്‍ വലിയ ഇടിവുണ്ടായേക്കാം. ഇപ്പോള്‍ തന്നെ പരിക്കില്‍ നിന്നും മുക്തിനേടാൻ അദ്ദേഹം ഒരുപാട് സമയമെടുത്തിരുന്നു.
ഏതെങ്കിലും ടീം സ്വന്തമാക്കിയാലും ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്‍റിന്‍റെ പകുതിക്ക് വച്ച് അദ്ദേഹത്തെ നഷ്‌ടപ്പെട്ടാല്‍ അത് തിരിച്ചടിയാകും. ആ റിസ്ക് കണക്കിലെടുത്താല്‍ ലേലത്തില്‍ ഷമിയുടെ വില കുറയാനാണ് സാധ്യതകളേറെ എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.
Mohammed Shami's Instagram Story (IG@mdshami.11) 2023ലെ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു ഷമി. ആ സീസണില്‍ ഗുജറാത്ത് ടൈറ്റൻസിനായി 17 മത്സരത്തില്‍ നിന്നും 28 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. പിന്നാലെ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഷമിക്ക് വിക്കറ്റ് വേട്ട തുടരാനായി. 7 മത്സരങ്ങളില്‍ 24 വിക്കറ്റായിരുന്നു ലോകകപ്പില്‍ നിന്നും ഷമി എറിഞ്ഞിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരിക്കിനെ തുടര്‍ന്ന് ലോകകപ്പിന് ശേഷം ഒരുവര്‍ഷത്തോളമാണ് മുഹമ്മദ് ഷമിക്ക് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. ഇതിനിടെ കഴിഞ്ഞ ഐപിഎല്‍ സീസണും ടി20 ലോകകപ്പും താരത്തിന് നഷ്‌ടമായി. ഇതോടെ, ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസും താരത്തെ ഒഴിവാക്കുകയായിരുന്നു.
കണങ്കാലിനേറ്റ പരിക്കില്‍ നിന്നും മുക്തനായ ഷമി ആഭ്യന്തര ക്രിക്കറ്റിലൂടെ അടുത്തിടെയാണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. രഞ്ജി ട്രോഫിയിലൂടെയുള്ള മടങ്ങി വരവില്‍ മധ്യപ്രദേശിനെതിരെ നാല് വിക്കറ്റ് സ്വന്തമാക്കാനും താരത്തിനായി. ഇതോടെ, ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി താരത്തേയും അയച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ ഇടം പിടിച്ചതോടെ ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഷമി ഉണ്ടാകില്ലെന്നും ഉറപ്പായിരിക്കുകയാണ്.
Also Read : 360 ദിവസത്തിന് ശേഷമുള്ള മടങ്ങി വരവ്, എറിഞ്ഞിട്ടത് 4 വിക്കറ്റ്; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പ് പ്രതീക്ഷയായി മുഹമ്മദ് ഷമി