ഇസ്ലാമബാദ് :നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഇടം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ജൂണില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇരു രാജ്യങ്ങളിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിയ്‌ക്ക് യോജിച്ചതല്ലെന്ന വിലയിരുത്തലാണ് താരത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്‌ടര്‍മാരെ ചിന്തിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ ശക്തമായി പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ (Mohammad Irfan). വിരാട് കോലിയുടെ കഴിവുകളിൽ സംശയം പ്രകടിപ്പിക്കുന്നവരെ വിമർശിച്ച മുഹമ്മദ് ഇർഫാൻ ക്രിക്കറ്റിനെക്കുറിച്ചുള്ള അവരുടെ ധാരണയെ ചോദ്യം ചെയ്യുകയാണ് ചെയ്‌തിരിക്കുന്നത്.
ഇതുസംബന്ധിച്ച് പാകിസ്ഥാന്‍റെ മുന്‍ താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. "വിരാട് കോലിയുടെ കഴിവിനെക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല. കോലിയെ ഒഴിവാക്കിക്കൊണ്ട് ഒരു ടീം തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം വളരെ വലിയൊരു ബാറ്ററാണ് കോലി. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹം എന്താണ് ചെയ്‌തതെന്ന് നമ്മളെല്ലാവരും കണ്ടതാണ്.
ലോകകപ്പിലെ 3-4 മത്സരങ്ങളില്‍ സ്വന്തം നിലയിലാണ് അദ്ദേഹം ഇന്ത്യയെ വിജയിപ്പിച്ചത്. ആ അവസരത്തില്‍ കോലിയുടെ മിന്നും പ്രകടനമില്ലാതിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ പരാജയപ്പെടുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലന്‍ഡിനും എതിരായ മത്സരങ്ങളും ഇതില്‍ പെടും. ആ മത്സരങ്ങളില്‍ കോലിയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഇന്ത്യയെ ഇത്തരത്തില്‍ നിരവധി മത്സരങ്ങളില്‍ അദ്ദേഹം വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.