മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫിന് ഒരു പടി കൂടി അടുക്കാൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഇറങ്ങും. തുടര്‍തോല്‍വികളില്‍ നട്ടം തിരിയുന്ന മുംബൈ ഇന്ത്യൻസാണ് കെകെആറിന്‍റെ എതിരാളികള്‍. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനുകൂലമല്ല വാങ്കഡെയിലെ ചരിത്രം. ഇവിടെ മുംബൈ ഇന്ത്യൻസിനെതിരെ അവര്‍ അവസാനമായി ജയിച്ചത് 2012ല്‍ ആണ്. അതിന് ശേഷം വാങ്കഡെയില്‍ മുംബൈയെ നേരിടാൻ ഇറങ്ങിയപ്പോഴെല്ലാം കൊല്‍ക്കത്തയ്‌ക്ക് തോറ്റ് മടങ്ങേണ്ടി വരികയാണുണ്ടായത്.
ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തകര്‍പ്പൻ ഫോമിലുള്ള കൊല്‍ക്കത്തയുടെ വരവ്. 2012ല്‍ കെകെആര്‍ മുംബൈയെ വീഴ്‌ത്തുമ്പോള്‍ കളിയിലെ താരമായ സുനില്‍ നരെയ്‌ൻ ഇന്നും അവരുടെ ടീമിനൊപ്പം ഉണ്ട്. അന്ന് നരെയ്‌ന്‍റെ ബൗളിങ്ങ് മികവിലായിരുന്നു ജയമെങ്കില്‍ ഇക്കുറി വാങ്കഡെയിലെ ഫ്ലാറ്റ് പിച്ചില്‍ താരം റണ്‍സ് അടിച്ചുകൂട്ടുമെന്നുമാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.
ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിച്ചേക്കാവുന്ന മത്സരത്തില്‍ ഫില്‍ സാള്‍ട്ട്, വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസല്‍ എന്നിവരുടെ പ്രകടനങ്ങള്‍ കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമായേക്കും. രോഹിത്, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ് എന്നിവരിലാകും മുംബൈ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുക.
പ്രധാന ബൗളര്‍മാര്‍ തല്ലുവാങ്ങി കൂട്ടുന്നത് ഇരു ടീമുകള്‍ക്കും തലവേദനയാണ്. പഞ്ചാബ് കിങ്‌സിനെതിരെ 262 റണ്‍സ് പ്രതിരോധിക്കാൻ സാധിക്കാതിരുന്ന കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ കഴിഞ്ഞ കളിയില്‍ ഡല്‍ഹിയെ എറിഞ്ഞൊതുക്കി ഫോമിലേക്ക് വന്നത് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മറുവശത്ത്, ജസ്‌പ്രീത് ബുംറയാണ് മുംബൈ ഇന്ത്യൻസിന്‍റെ കുന്തമുന.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും മൂന്നാം സ്ഥാനത്തുള്ള ബുംറ മികച്ച പ്രകടനമാണ് മുംബൈയ്‌ക്കായി കാഴ്‌ചവയ്‌ക്കുന്നത്. മറ്റ് താരങ്ങള്‍ ബുംറയ്‌ക്ക് വേണ്ട പിന്തുണ നല്‍കാൻ കഷ്‌ടപ്പെടുന്നതും അവര്‍ക്ക് തിരിച്ചടിയാണ്. പോയിന്‍റ് പട്ടികയില്‍ നിലവിലെ ഒമ്പതാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താൻ ഇന്ന് ജയം അനിവാര്യമാണ്.
Also Read :'എല്ലാം നമ്മുടെ വഴിക്ക് വരില്ല, ഇത് ജീവിതമാണ്' ; മുംബൈ നായകസ്ഥാനത്ത് നിന്നും നീക്കിയതില്‍ രോഹിത്തിന്‍റെ ആദ്യ പ്രതികരണം - Rohit Sharma On MI Captaincy
മുംബൈ ഇന്ത്യൻസ് സാധ്യത ടീം : ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, നേഹല്‍ വധേര, മുഹമ്മദ് നബി, പിയുഷ് ചൗള, ലൂക്ക് വുഡ്, ജസ്‌പ്രീത് ബുംറ, നുവാൻ തുഷാര.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം :ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്‌ൻ, വെങ്കടേഷ് അയ്യര്‍, അംഗ്‌കൃഷ് രഘുവൻഷി, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, സുയഷ് ശര്‍മ.