2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും തകര്‍പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍ നേടിയ റെക്കോഡും മെസി സ്വന്തമാക്കി. മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടു.
19-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്‍റീനക്കായി ആദ്യം ലക്ഷ്യം കണ്ടത്. ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ അസിസ്‌റ്റിലാണ് മെസി ആദ്യ ഗോള്‍ നേടിയത്. ശേഷം, 43-ാം മിനിറ്റില്‍ മെസിയുടെ അസിസ്‌റ്റില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസ് വലകുലുക്കി. ഇതോടെ ലീഡ് ഇരട്ടിയായി. ആദ്യപകുതി അവസാനിക്കാനിരിക്കെ അര്‍ജന്‍റീന മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ഗോളിന് വഴി ഒരുക്കിയത് മെസിയായിരുന്നു. മെസിയുടെ അസിസ്‌റ്റില്‍ നിന്ന് ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് അര്‍ജന്‍റീന മുന്നിലെത്തി.
രണ്ടാം പകുതിയിലും അര്‍ജന്‍റീനക്കായിരുന്നു ആധിപത്യം. 69-ാം മിനിറ്റില്‍ നഹുവേല്‍ മൊളീനയുടെ അസിസ്‌റ്റില്‍ നിന്ന് തിയാഗോ അല്‍മാഡ നാലാം ഗോള്‍ നേടി. ഇതിനുശേഷമായിരുന്നു മെസിയുടെ മറ്റ് രണ്ട് ഗോളുകള്‍ പിറന്നത്. 84, 86 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ മെസി ഹാട്രിക് തികച്ചു. എതിരില്ലാത്ത 6 ഗോളുകള്‍ക്ക് ബൊളീവിയയെ അര്‍ജന്‍റീന നിലംപരിശരാക്കി.
പെറുവിനെ തകര്‍ത്ത് കാനറികള്‍