തിരുവനന്തപുരം:നാളെ (സെപ്‌റ്റംബര്‍ 11) ചെന്നൈയില്‍ തുടങ്ങുന്ന സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയോടെ മലയാളി താരം ജുവല്‍ തോമസ്. ഹൈ ജംപില്‍ മത്സരിക്കുന്ന ജുവല്‍ തോമസ് നാഷണല്‍ അണ്ടര്‍ 17 സ്‌കൂള്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. ജൂണില്‍ നടന്ന ദേശീയ മീറ്റില്‍ 2.04 മീറ്റര്‍ പിന്നിട്ടാണ് പതിനേഴുകാരനായ ജുവല്‍ തോമസ് സാഫ് ഗെയിംസിലെത്തുന്നത്.
ലോങ് ജംപില്‍ തമിഴ്‌നാട്ടിന്‍റെ ആര്‍സി ജിതിനാണ് ഇന്ത്യയുടെ പ്രതീക്ഷ. അണ്ടര്‍ 18 ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 7.46 മീറ്റര്‍ ചാടിയാണ് ജിതിന്‍ സാഫ് ഗെയിംസിനെത്തുന്നത്. സ്‌പ്രിന്‍റ് ഇനങ്ങളില്‍ ഒഡിഷയുടെ പ്രതീക് മഹാറാണയാണ് ഇന്ത്യന്‍ പ്രതീക്ഷ. ആണ്‍കുട്ടികളുടെ 100 മീറ്ററിലും 200 മീറ്ററിലും പ്രതീക് മഹാറാണ മത്സരിക്കുന്നുണ്ട്.
ഏഷ്യന്‍ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ ജേതാവായ റിഹാന്‍ ചൗധരിയാണ് മറ്റൊരു പ്രതീക്ഷ. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡല്‍ഹിയുടെ താരം നീരു പഥക് ആണ് ഇന്ത്യന്‍ പ്രതീക്ഷ. 200 മീറ്ററിലും 400 മീറ്ററിലും നീരു മത്സരിക്കും.