ബെംഗളൂരു:ടി20 കരിയറില്‍ എംഎസ് ധോണി തന്‍റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന് ഓസ്‌ട്രേലിയൻ മുൻ താരവും കമന്‍റേറ്ററുമായ മാത്യു ഹെയ്‌ഡൻ. അടുത്ത വര്‍ഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പുതിയ റോളില്‍ ആയിരിക്കും ആരാധകരുടെ 'തല' ധോണി എത്തുകയെന്നും ഹെയ്‌ഡൻ അഭിപ്രായപ്പെട്ടു. ഐപിഎല്‍ പതിനേഴാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റ് ചെന്നൈ പ്ലേഓഫ് കാണെതെ പുറത്തായതിന് പിന്നാലെയാണ് ഹെയ്‌ഡന്‍റെ പ്രതികരണം.
മെയ് 18ന് ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം നടന്നത്. ഐപിഎല്‍ പ്ലേഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പോരാട്ടം. മത്സരത്തില്‍ ജയിക്കുകയോ 18 റണ്‍സില്‍ താഴെ തോല്‍വി വഴങ്ങുകയോ ചെയ്‌തിരുന്നെങ്കില്‍ ചെന്നൈ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ പ്ലേഓഫിന് യോഗ്യത നേടുമായിരുന്നു.
എന്നാല്‍, മത്സരത്തില്‍ ആര്‍സിബി 27 റണ്‍സിനായിരുന്നു ചെന്നൈയെ തകര്‍ത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു 218 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്‌ക്ക് നിശ്ചിത ഓവറില്‍ 191 റണ്‍സാണ് നേടാൻ സാധിച്ചത്.
ഇതോടെ, 27 റണ്‍സിന് കളി കൈവിട്ടെങ്കിലും 10 റണ്‍സ് അകലെ സിഎസ്‌കെയ്‌ക്ക് പ്ലേഓഫ് ബെര്‍ത്ത് നഷ്‌ടമാകുകയായിരുന്നു. മത്സരത്തിലെ അവസാന ഓവറുകളില്‍ 13 പന്തില്‍ 25 റണ്‍സ് അടിച്ച് ധോണി പൊരുതിയെങ്കിലും ചെന്നൈയെ പ്ലേഓഫ് കടമ്പ കടത്താൻ മുൻ നായകന് സാധിക്കാതെ പോകുകയായിരുന്നു. ആദ്യ നാലില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് സ്ഥാനം ഉറപ്പിക്കാൻ സാധിക്കാതെ പോയതോടെ ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് വിദഗധര്‍ക്കിടയിലും തന്നെ ടി20യില്‍ ധോണിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളും ഉടലെടുത്തിരുന്നു. ഇതിലാണ് ഇപ്പോള്‍ മാത്യു ഹെയ്‌ഡന്‍റെയും പ്രതികരണം.