രാജ്‌കോട്ട്:ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ (India vs England 3rd Test) ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ വിറപ്പിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് (Mark Wood). രാജ്‌കോട്ടില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയെ ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ മാര്‍ക്ക് വുഡിനായി. ആദ്യ സ്പെല്ലില്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), മൂന്നാം നമ്പറിലെത്തിയ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവരുടെ വിക്കറ്റുകളായിരുന്നു മാര്‍ക്ക് വുഡ് നേടിയത്.
വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളായിരുന്നു ഇവര്‍ ഇരുവരും. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ മാര്‍ക്ക് വുഡിനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ മാര്‍ക്ക് വുഡ് പന്ത് കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിക്കുന്നത്.
മാര്‍ക്ക് വുഡിന്‍റെ പേസിനും ബൗണ്‍സിനും മുന്നിലാണ് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പതറേണ്ടി വന്നത്. ഷോട്ട് ബോളുകളെ അനായാസം നേരിടുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും ബൗണ്‍സര്‍ കൊണ്ട് ബുദ്ധിമുട്ടിക്കാന്‍ മാര്‍ക്ക് വുഡിനായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ തുടര്‍ച്ചയായി മാര്‍ക്ക് വുഡ് ബൗണ്‍സറുകള്‍ പരീക്ഷിച്ചിരുന്നു. അതില്‍ ഒരു പന്ത് ഇന്ത്യന്‍ നായകന്‍റെ ഹെല്‍മറ്റിന്‍റെ ഗ്രില്ലിലാണ് പതിച്ചത്. ഇതിന്‍റെ വീഡിയോ കാണാം...