കൊല്‍ക്കത്ത :രഞ്‌ജി ട്രോഫി 2024 (Ranji Trophy 2024) സീസണോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ബംഗാളിന്‍റെ സ്റ്റാര്‍ ബാറ്റര്‍ മനോജ് തിവാരി (Manoj Tiwary) അറിയിച്ചിരുന്നു. ബംഗാളിനൊപ്പമുള്ള 19 വര്‍ഷങ്ങള്‍ നീണ്ട യാത്രയാണ് ഇടങ്കയ്യന്‍ മധ്യനിര ബാറ്ററായ മനോജ് അവസാനിപ്പിച്ചിരിക്കുന്നത്. ആക്രമണോത്സുക ബാറ്റിങ്ങിന് പേരുകേട്ട മനോജ് തിവാരി ഇന്ത്യയ്‌ക്കായും കളിക്കാന്‍ ഇറങ്ങിയിരുന്നു.
2008 ഫെബ്രുവരിയില്‍ ഓസീസിനെതിരെ ബ്രിസ്ബേനില്‍ നടന്ന ഏകദിനത്തിലൂടെയാണ് മനോജ് തിവാരി അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ദേശീയ ടീമിനായി 12 ഏകദിനങ്ങളും മൂന്ന് ടി20കളിലും താരം കളിക്കാനിറങ്ങി. ഏകദിനത്തില്‍ 287 റണ്‍സും ടി20യില്‍ 15 റണ്‍സുമാണ് നേടാനായത്. 2011-ല്‍ ചെന്നൈയില്‍ വച്ച് നടന്ന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് അപരാജിത സെഞ്ചുറി നേടി തിളങ്ങാന്‍ മനോജ് തിവാരിയ്‌ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ 38-കാരന് കഴിഞ്ഞില്ല. ഇപ്പോഴിതാ അന്താരാഷ്‌ട്ര കരിയറില്‍ തനിക്ക് മതിയായ അവസരം ലഭിച്ചില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മനോജ് തിവാരി. വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയിട്ടും അടുത്ത മത്സരങ്ങളില്‍ തന്നെ എന്തുകൊണ്ട് പുറത്തിരുത്തിയെന്ന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ എംഎസ് ധോണിയോട് (MS Dhoni) ചോദിക്കാന്‍ ആഗ്രഹിക്കുന്നതായും മനോജ് തിവാരി പറഞ്ഞു.