ലണ്ടൻ:പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രൈറ്റനാണ് സിറ്റിയെ തോല്‍പ്പിച്ചത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റി കളി കൈവിട്ടത്.
മത്സരത്തിന്‍റെ 23-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലൻഡ് സിറ്റിക്കായി ഗോള്‍ നേടി. ആദ്യ പകുതി മുഴുവൻ ഈ ലീഡ് നിലനിര്‍ത്താൻ സന്ദര്‍ശകര്‍ക്കായി. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ജോവോ പെഡ്രോയിലൂടെയാണ് ബ്രൈറ്റണ്‍ സമനില ഗോള്‍ നേടിയത്.
78-ാം മിനിറ്റിലായിരുന്നു അവരുടെ ആദ്യ ഗോള്‍. അഞ്ച് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ബ്രൈറ്റണ് വിജയഗോളും കണ്ടെത്താനായി. 83-ാം മിനിറ്റില്‍ മാറ്റ് ഓ റിലിയാണ് ലക്ഷ്യം കണ്ടത്.
സീസണില്‍ സിറ്റിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്. പരിശീലകനെന്ന നിലയില്‍ ആദ്യമായാണ് പെപ് ഗ്വാര്‍ഡിയോള തുടര്‍ച്ചയായി ഇത്രയും തോല്‍വികള്‍ വഴങ്ങുന്നത്. നേരത്തെ, ഇഎഫ്‌എല്‍ കപ്പില്‍ ടോട്ടൻഹാമിനോടും (2-1), പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനോടും (2-1), ചാമ്പ്യൻസ് ലീഗില്‍ സ്പോര്‍ട്ടിങ് ലിസ്‌ബണോടും (4-1) ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റര്‍ സിറ്റി. 11 കളിയില്‍ ഏഴ് ജയവും രണ്ട് വീതം തോല്‍വികളും സമനിലയും സ്വന്തമായുള്ള സിറ്റിക്ക് 23 പോയിന്‍റാണ് നിലവില്‍. അതേസമയം, സിറ്റിക്കെതിരായ ജയത്തോടെ ബ്രൈറ്റണ്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി. 11 മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയും സ്വന്തമാക്കിയ അവര്‍ക്ക് 19 പോയിന്‍റുണ്ട്.
Also Read :380 ദിവസം! ഒടുവില്‍ യൂറോപ്പ ലീഗിലും ജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഡിയാലോയ്‌ക്ക് ഇരട്ട ഗോള്‍