യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലോസ്‌ക് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ്‌സ് തോല്‍പ്പിച്ചത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ലിവര്‍പൂള്‍ അവസാന പതിനാറിലെത്തിയത്. സൂപ്പർതാരം മുഹമ്മദ് സലാ, ഹാർവെ എലിയട്ട് എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ലില്ലെയ്‌ക്കായി ജൊനാഥൻ ഡേവിഡും ഗോള്‍ നേടി.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ലിവര്‍പൂളാണ് മത്സരത്തില്‍ മുന്നിട്ടുനിന്നത്. 34-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സിന്‍റെ പാസില്‍ നിന്ന് മുഹമ്മദ് സലായാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ബലത്തില്‍ മത്സരം ലിവര്‍പൂളിന് അനുകൂലമായി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ലില്ലെ താരം ഐസ മൻഡിക്ക് പുറത്തുവേണ്ടിവന്നു. പിന്നാലെ 59-ാം മിനിറ്റുമുതല്‍ പത്ത് പേരുമായാണ് ലില്ലെ കളിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി 62-ാം മിനിറ്റില്‍ ജോനാഥന്‍ ഡേവിഡിന്‍റെ ഗോളിലൂടെ ലില്ലെ സമനില പിടിച്ചു. ഗോള്‍ വഴങ്ങിയതോടെ ലിവര്‍പൂളൊന്നു ഞെട്ടി. എന്നാല്‍
അഞ്ച് മിനിറ്റിനുള്ളില്‍ ഹാര്‍വി എലിയറ്റിന്‍റെ ഗോളിലൂടെ ലിവര്‍പൂള്‍ ജയം ഉറപ്പിച്ചു. ഏഴ് മത്സരങ്ങളില്‍ ഏഴും വിജയിച്ച ലിവര്‍പൂള്‍ 21 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്റു മത്സരങ്ങളിൽ ബോലോഗ്‌ന ബൊറൂസിയ ഡോർഡ്മുണ്ടിനെയും, പിഎസ്‌വി ഐന്തോവൻ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും , സ്റ്റുട്ഗാർട്ട് സ്ലോവൻ ബ്രാട്ടിസ്ലാവയെയും പരാജയപ്പെടുത്തി. യുവെന്‍റസ്- ക്ലബ് ബ്രൂഗ് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഓസ്ട്രിയൻ ക്ലബ് സ്റ്റം ഗ്രാസിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോല്‍പ്പിച്ച് ഇറ്റാലിയൻ ക്ലബ് അറ്റലാന്‍റ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. മാത്യു റെറ്റെഗുയി, പസാലിച്, കെറ്റെലീറെ, ലുക്മാൻ, ബ്രെസ്യനിനി എന്നിവരാണ് അറ്റലാന്‍റയ്‌ക്കായി വല ചലിപ്പിച്ചത്. തോൽവിയോടെ സ്റ്റം ഗ്രാസ് ടൂർണമെന്‍റിൽനിന്ന് പുറത്തായി.