ഫ്ലോറിഡ :ഇന്‍റര്‍ മയാമിയുടെ (Inter Miami) വേള്‍ഡ് ടൂറിന്‍റെ ഭാഗമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഹോങ്കോങ്ങ് ഇലവനെതിരെ (Hong Kong XI) കളിക്കാതിരുന്ന ലയണല്‍ മെസി (Lionel Messi) ടോക്കിയോയില്‍ വിസ്സെല്‍ കോബെയ്‌ക്കെതിരെ (Vissel Kobe) ഇറങ്ങിയത് വലിയ കോലാഹലങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് സൃഷ്‌ടിച്ചത്. ഇക്കാര്യത്തില്‍ ആരാധക പ്രതിഷേധം ശക്തമായതോടെ മാര്‍ച്ചില്‍ നൈജീരിയക്കെതിരെ ചൈനയില്‍ വച്ച് നടത്താനിരുന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം ഉപേക്ഷിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് അര്‍ജന്‍റൈൻ നായകൻ ലയണല്‍ മെസി.
റിയാദ് സീസണ്‍ കപ്പില്‍ അല്‍ ഹിലാല്‍, അല്‍ നസ്‌ര്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ലയണല്‍ മെസിയും സംഘവും ഹോങ്കോങ്ങ് ഇലവനെതിരായ മത്സരത്തിനായി ചൈനയിലേക്ക് എത്തിയത്. കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ഹോങ്കോങ്ങ് ഇലവൻ ഇന്‍റര്‍ മയാമി മത്സരം. ഈ മത്സരത്തില്‍ നിന്നും മെസി വിട്ടുനിന്നതോടെ ടിക്കറ്റിനായി നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതിനായി ടിക്കറ്റ് തുകയുടെ പകുതി തിരികെ നല്‍കാമെന്ന വാഗ്‌ദാനമായിരുന്നു അധികൃതര്‍ നല്‍കിയത്. ഇതിന് പിന്നാലെ ടോക്യോയിലേക്ക് എത്തിയ ഇന്‍റര്‍ മയാമിക്കായി വിസ്സെല്‍ കോബെയ്‌ക്കെതിരായ മത്സരത്തില്‍ മെസി 30 മിനിറ്റ് കളിച്ചു. ഇതിന് പിന്നാലെയായിരുന്നു ചൈനയില്‍ നടത്താൻ നിശ്ചയിച്ച അര്‍ജന്‍റീന നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കുന്നതായി ഹാങ്‌സൗ സ്പോര്‍ട്‌സ് ബ്യൂറോ അറിയിച്ചത്.