ന്യൂഡൽഹി: നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രാഷ്‌ട്രീയത്തിലും തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികള്‍ക്കായി മത്സരിച്ച് ജയിച്ചവരും പരാജയപ്പെട്ട താരങ്ങളുമുണ്ട്. ചിലര്‍ തോല്‍വിയോടെ രാഷ്‌ട്രീയ കളം വിട്ടു. മറ്റു ചിലരാവട്ടെ തെരഞ്ഞടുക്കപ്പെട്ട പാര്‍ട്ടിയുടെ എംപിയായും എംഎല്‍എയും സഭകളില്‍ ഇരിക്കുന്നു. രാഷ്ട്രീയ രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അത്തരം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കുറിച്ചറിയാം.
- ഗൗതം ഗംഭീർ:ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും രാഷ്ട്രീയത്തിൽ മുന്നേറിയ താരമാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഗംഭീർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കിഴക്കൻ ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായി.
- ഹർഭജൻ സിംഗ്:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ഓഫ് സ്‌പിന്നറും ടെർമിനേറ്റർ എന്നറിയപ്പെടുന്ന താരവുമായ ഹർഭജൻ സിംഗും രാഷ്ട്രീയ രംഗത്ത് വിജയം രുചിച്ചു. 2022ൽ ആം ആദ്‌മി പാർട്ടിയിൽ നിന്ന് ഹർഭജൻ രാജ്യസഭാംഗമായി. അന്നുമുതൽ ഇന്നുവരെ താരം രാഷ്ട്രീയത്തിലുണ്ട്.
- നവജ്യോത് സിങ് സിദ്ധു:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു ബിജെപിയിലും കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. 2004ലും 2009ലും അമൃത്‌സറിൽ നിന്ന് ബിജെപിക്ക് വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം നിലവിൽ പഞ്ചാബിൽ നിന്ന് കോൺഗ്രസ് ക്യാബിനറ്റ് മന്ത്രിയാണ്.
- മുഹമ്മദ് കൈഫ്:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ മുഹമ്മദ് കൈഫ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഉത്തർപ്രദേശിലെ ഫുൽപൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- എസ് ശ്രീശാന്ത്:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 2007, 2011 ലോകകപ്പ് ടീമംഗവുമായ എസ് ശ്രീശാന്തും രാഷ്ട്രീയ രംഗത്ത് ഇറങ്ങിയ താരമാണ്. ഐപിഎല്ലിൽ ഒത്തുകളി ആരോപണത്തെത്തുടർന്ന് കരിയർ അവസാനിച്ചു. 2016ൽ കേരളത്തിൽ ബിജെപിക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
- മുഹമ്മദ് അസ്ഹറുദ്ദീൻ:ടീം ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഒത്തുകളിയുടെ പേരിൽ വിലക്ക് നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീനും രാഷ്ട്രീയ വേദികളിൽ നിറഞ്ഞു നിൽക്കുന്നു. 2009ൽ മൊറാദാബാദിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.
- കീർത്തി ആസാദ്:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983-ലെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗവുമായ കീർത്തി ആസാദ്. അദ്ദേഹം ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടി ദർഭംഗ സീറ്റിൽ മത്സരിക്കുകയും മൂന്ന് തവണ എംപിയാവുകയും ചെയ്തു. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്‍റെ ഭാഗമാണ്.
- ചേതൻ ശർമ്മ:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ഫാസ്റ്റ് ബൗളറും ടീം ഇന്ത്യയുടെ ചീഫ് സെലക്ടറുമായ ചേതൻ ശർമ്മയും രാഷ്ട്രീയ പിച്ചിൽ കണ്ടിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫരീദാബാദ് തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- മനോജ് തിവാരി:മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റര്‍ മനോജ് തിവാരി രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചു. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തെ ഷിബ്പൂരിൽ മത്സരിപ്പിച്ചിരുന്നു. മനോജ് വിജയിക്കുകയും പശ്ചിമ ബംഗാൾ സർക്കാരിൽ കായിക മന്ത്രിയായിരുന്നു.
- വിനോദ് കാംബ്ലി:ഇന്ത്യൻ ടീമിന്‍റെ മുൻ ഓപ്പണിംഗ് ബാറ്ററും സച്ചിൻ ടെണ്ടുൽക്കറുടെ സുഹൃത്തുമായ വിനോദ് കാംബ്ലി 2009ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌ഭാരതി പാർട്ടി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.