ഹൈദരാബാദ്: ആളുകള്‍ക്ക് തങ്ങളുടെ ആശങ്കങ്ങളും കഴിവുകളും മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇതിനെ തോന്നുംപടി ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ (Indian Cricket Team) മുന്‍ താരം ലക്ഷ്‌മൺ ശിവരാമകൃഷ്‌ണൻ (Laxman Sivaramakrishnan). സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ താരം തന്‍റെ ഒരു ചിത്രം പോസ്റ്റ് ചെയ്‌തതാണ് സംഭവത്തിന് തുടക്കം.
തമിഴ്‌നാട്ടിലെ മഹാലിംഗപുരത്തുള്ള അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് നിന്നും എടുത്ത ഒരു സെല്‍ഫിയായിരുന്നുവിത്. ഒരു ആനയുടെ രൂപത്തിന് മുന്നില്‍ നിന്നായിരുന്നു 58-കാരന്‍റെ സെല്‍ഫി. എന്നാല്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് 'രാത്രിയാവുമ്പോള്‍ പിന്നിലുള്ള ആനയെ നിങ്ങളേക്കാൾ കൂടുതൽ വ്യക്തമായി കാണാം' എന്നായിരുന്നു ഇതിന് ഒരാള്‍ കമന്‍റിട്ടത്. 'അതെ ഞാന്‍ കറുത്തവനാണ്'- എന്നായിരുന്നു ഇയാള്‍ക്ക് ലക്ഷ്‌മൺ ശിവരാമകൃഷ്‌ണന്‍റെ മറുപടി.
അതേസമയം ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ വിമര്‍ശിച്ച് അടുത്തിടെ ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. കരിയറില്‍ 100-ാം ടെസ്റ്റിന് മുന്നെ ആശംസ നേരുന്നതിനായി അശ്വിനെ (R Ashwin) ഫോണില്‍ പലതവണ വിളിച്ചുവെങ്കിലും താരം തന്‍റെ കോള്‍ കട്ട് ചെയ്‌തുവെന്നായിരുന്നു ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ ആരോപിച്ചത്.