ബെര്‍ലിൻ:യൂറോ കപ്പില്‍ യങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റായി സ്പെയിന്‍റെ കിരീടനേട്ടത്തിന് ചുക്കാൻ പിടിച്ചവരില്‍ പ്രധാനിയായ ലാമിൻ യമാല്‍. കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ സ്പെയിൻ 2-1ന്‍റെ ജയം പിടിച്ചെടുത്തതിന് പിന്നാലെയാണ് ടൂര്‍ണമെന്‍റിലെ യുവതാരമായി യമാലിനെ തെരഞ്ഞെടുത്തത്. യുവേഫ യൂറോ കപ്പിലെ ഫൈനലില്‍ ഉള്‍പ്പടെ തകര്‍പ്പൻ പ്രകടനമായിരുന്നു 17കാരനായ താരം നടത്തിയത്.
ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സ്പെയിന്‍റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ലാമിൻ യമാലായിരുന്നു. ബോക്‌സിന്‍റെ വലത് വശത്ത് നിന്നും യമാല്‍ നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു നിക്കോ വില്യംസ് മത്സരത്തില്‍ സ്പെയിന്‍റെ ആദ്യ ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിയ്‌ക്ക് ശേഷം മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ഈ ഗോള്‍ പിറന്നത്.
ടൂര്‍ണമെന്‍റില്‍ ആകെ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കിയാണ് യമാലിന്‍റെ മടക്കം. സെമി ഫൈനലില്‍ ഫ്രാൻസിനോടാണ് യമാല്‍ ടൂര്‍ണമെന്‍റിലെ തന്‍റെ ഏക ഗോള്‍ നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ഈ മത്സരത്തിലേക്ക് സ്പെയിനെ തിരിച്ചെത്തിച്ചതായിരുന്നു യമാലിന്‍റെ ഗോള്‍.