ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈന്ദവ-സിഖ് വോട്ടുകള്‍ ആകര്‍ഷിക്കാൻ വമ്പൻ വാഗ്‌ദാനവുമായി ആം ആദ്‌മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ക്ഷേത്രങ്ങളിലെ പൂജാരിമാരെയും ഗുരുദ്വാരകളിലെ പുരോഹിതന്മാരെയും കേന്ദ്രീകരിച്ചാണ് പദ്ധതി. ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലേറിയാല്‍ പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പൂജാരിമാര്‍ക്കും ഗ്രാന്‍ററിമാര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം നല്‍കുമെന്നാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം.
'ഒരു സുപ്രധാന പ്രഖ്യാപനമാണ് ഇന്ന് നടത്തുന്നത്. പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്നാണ് പുതിയ പദ്ധതിയുടെ പേര്. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. ആചാരങ്ങളെ തലമുറകളോളം മുന്നോട്ട് കൊണ്ടുപോകുന്ന വിഭാഗമാണ് പുരോഹിതര്‍. തങ്ങളുടെ കുടുംബത്തെ അവര്‍ ശ്രദ്ധിച്ചിട്ടില്ല. മറ്റുള്ളവരും അവരെ വേണ്ട രീതിയില്‍ പരിഗണിക്കാൻ തയ്യാറായിട്ടില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും' വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷൻ നടപടികള്‍ നാളെ (ഡിസംബര്‍ 31) ആരംഭിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തില്‍ നിന്നായിരിക്കും പദ്ധതിക്ക് തുടക്കമിടുകയെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന്, എഎപി എംഎല്‍എമാരും സ്ഥാനാര്‍ഥികളും ചേര്‍ന്ന് ഡല്‍ഹിയിലെ മുഴുവൻ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും സന്ദര്‍ശനം നടത്തി രജിസ്‌ട്രേഷൻ നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
വയോജനങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമായി പാര്‍ട്ടി സഞ്ജീവനിയും മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന പദ്ധതിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ആം ആദ്‌മി പാര്‍ട്ടിയുടെ പ്രഖ്യാപനം. സഞ്ജീവനി പദ്ധതിയിലൂടെ ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുമെന്നാണ് വാഗ്‌ദാനം. മഹിളാ സമ്മാന്‍ യോജനയിലൂടെ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ നല്‍കുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.
Also Read : ഡല്‍ഹിയില്‍ ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി അരവിന്ദ് കെജ്‌രിവാൾ