ന്യൂഡൽഹി : ചൈനീസ് നിർമിത ജെ-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനം സ്വന്തമാക്കാനൊരുങ്ങി പാകിസ്ഥാൻ. 40 ജെ-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങള്‍ ചൈനയില്‍ നിന്ന് വാങ്ങാനാണ് പാകിസ്ഥാന്‍റെ തീരുമാനം. നൂതന ശേഷികളുള്ള അഞ്ചാം തലമുറ വിമാനമാണ് ജെ-35. റഡാറില്‍ നിന്ന് ഒഴിഞ്ഞുമാറാനും കൃത്യതയോടെ കനത്ത പ്രഹരമേല്‍പ്പിക്കാനും ഇതിനാകും.
40 ജെ-35 സ്റ്റെൽത്ത് വിമാനങ്ങൾ പാകിസ്ഥാൻ സ്വന്തമാക്കുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണെന്ന് മേജർ ജനറൽ (റിട്ട.) പികെ സെഹ്ഗാൾ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ പാകിസ്ഥാന് അനുകൂലമായ എയർ പവർ ഡൈനാമിക്‌സ് ഇതുമൂലമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1965-ലെ യുദ്ധ കാലത്ത് പാകിസ്ഥാൻ സേബര്‍, സൂപ്പർ സേബര്‍ വിമാനങ്ങള്‍ ഉപോയോഗിച്ചതും, ഇന്ത്യ രണ്ടാം ലോകമഹായുദ്ധ കാലത്തെ, കാലഹരണപ്പെട്ട കാൻബറാസ്, വാമ്പയർ, തുഫാനിസ്, മിഷ്‌തിയാസ് തുടങ്ങിയ വിമാനങ്ങളെ ആശ്രയിച്ചതും എന്നിട്ടും ഇന്ത്യ വിജയിച്ചതും സെഹ്‌ഗാള്‍ ഓര്‍ത്തെടുത്തു. പുതിയ സംഭവ വികാസം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിർണായക ഘടകമായേക്കാമെന്നതിനാൽ ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റെൽത്ത് ഫൈറ്ററുകൾ പാകിസ്ഥാൻ വാങ്ങുന്നതിലൂടെ ഇന്ത്യ - ചൈന - പാകിസ്ഥാൻ ത്രയത്തെ പല രീതിയിലും ബാധിക്കുമെന്ന് സെഹ്‌ഗാള്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും മുന്നണികളില്‍ നിന്ന് പ്രകോനമുണ്ടായാല്‍, പാക്കിസ്ഥാനും ചൈനയ്ക്കും ചേര്‍ന്ന് 65 സ്ക്വാഡ്രണുകളെ വിന്യസിക്കാനാകും.
അതേസമയം ഇന്ത്യയുടെ കൈവശം 32 സ്ക്വാഡ്രണുകൾ മാത്രമേ ഉണ്ടാകൂ. ചൈനയും പാകിസ്ഥാനും അഞ്ചാം തലമുറ സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ അവതരിപ്പിക്കുന്നത് അവര്‍ക്ക് അനുകൂലമായ മേധാവിത്വം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'പതിനായിരക്കണക്കിന് ഡ്രോണുകളിൽ നിക്ഷേപിച്ച് ഇന്ത്യ സജീവമായ നടപടികൾ കൈക്കൊള്ളണം. ഈ നൂതന വിമാനങ്ങൾ പ്രവർത്തിക്കുന്ന വ്യോമതാവളങ്ങളെ ഫലപ്രദമായി ടാർഗെറ്റ് ചെയ്യാനും നിർവീര്യമാക്കാനും ഈ തന്ത്രം ഇന്ത്യയെ പ്രാപ്‌തമാക്കും.'- സെഹ്ഗാൾ കൂട്ടിച്ചേർത്തു. ചൈനയുടെ സഹായത്തോടെ വ്യോമ, നാവിക ശേഷി വർധിപ്പിക്കാൻ പാകിസ്ഥാൻ കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'എങ്കിലും, പാക്കിസ്ഥാന്‍ ഈ ഉപഭൂഖണ്ഡത്തിൽ കാര്യമായ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയില്ല. കൂടുതൽ വിഭവങ്ങളും താരതമ്യേന വലിയ പ്രതിരോധ ബജറ്റും ഉള്ള, വലിയ രാജ്യമായ ഇന്ത്യയുടെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുന്നത് പാകിസ്ഥാന് പ്രായോഗികമായി സാധിക്കുന്ന ഒന്നല്ല.'- സെഹ്ഗാൾ ചൂണ്ടിക്കാട്ടി.
എന്താണ് J-35 ന്‍റെ പ്രത്യേകത?
എല്ലാ കാലാവസ്ഥയിലും ഒരുപോലെ ഉപയോഗിക്കാവുന്ന മൾട്ടി മിഷൻ ഇരട്ട എഞ്ചിൻ വിമാനമാണ് ജെ-35. വിവിധ തരം സെൻസറുകളും എയർ - ടു - എയർ, എയർ - ടു - സര്‍ഫസ് ആയുധങ്ങളും ഉള്ള ഒരു സ്റ്റെൽത്ത് എയർക്രാഫ്റ്റാണിത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായി കണക്കാക്കപ്പെടുന്ന അമേരിക്കൻ വ്യോമസേനയുടെ എഫ് -35-മായി താരതമ്യപ്പെടുത്താവുന്നതാണ് ജെ -35 സ്റ്റെൽത്ത് എയർക്രാഫ്റ്റ്.
വൈവിധ്യമാർന്ന ദൗത്യങ്ങൾ നിർവഹിക്കാനും മേഖലയിലെ വായു സന്തുലിതാവസ്ഥയിൽ കാര്യമായ മാറ്റം വരുത്താനും ഇതിനാകും. എഫ്-35 ലൈറ്റ്നിങ് II, റഷ്യയുടെ സു-57 തുടങ്ങിയ പാശ്ചാത്യ സ്റ്റെൽത്ത് ഫൈറ്ററുകളുടെ ശക്തമായ എതിരാളിയാണ് ചൈനയുടെ ഷെൻയാങ് എയർക്രാഫ്റ്റ് കോർപ്പറേഷൻ തയ്യാറാക്കിയ ജെ-35.
Also Read: വൈദ്യുതി ഉത്പാദനം; രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയം നിർമിക്കാന്‍ പാകിസ്ഥാൻ