കൊല്‍ക്കത്ത:കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്നും മോചനം തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങും. ഈഡൻ ഗാര്‍ഡൻസിലെ ബാറ്റിങ്ങ് പറുദീസയില്‍ വൈ്കുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണില്‍ നാലാം ജയമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.
പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. നാല് കളിയില്‍ മൂന്ന് ജയമാണ് അവര്‍ സീസണില്‍ ഇതുവരെ നേടിയത്. മറുവശത്ത്, അഞ്ച് കളിയില്‍ മൂന്നെണ്ണം ജയിച്ച ലഖ്‌നൗ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.
ബാറ്റര്‍മാരും വെടിക്കെട്ട് ഓള്‍റൗണ്ടര്‍മാരുമാണ് ഇരു ടീമിന്‍റെയും കരുത്ത്. സുനില്‍ നരെയ്‌ൻ, ആന്ദ്രേ റസല്‍, റിങ്കു സിങ് എന്നിവരുടെ ഫോമിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍. യുവതാരം അംഗ്കൃഷ് രഘുവൻഷിയുടെ പ്രകടനവും ആതിഥേയര്‍ക്ക് നിര്‍ണായകമായേക്കും.
രണ്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ വൈഭവ് അറോറയാകും കെകെആര്‍ ബൗളിങ്ങിന്‍റെ കുന്തമുന. റെക്കോഡ് തുകയ്‌ക്ക് ടീമിലെത്തിച്ച ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്നും പ്ലേയിങ് ഇലവനില്‍ തുടര്‍ന്നേക്കും. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും സുനില്‍ നരെയ്‌ന്‍റെയും ആന്ദ്രേ റസലിന്‍റെയും പ്രകടനം കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാകും.
മറുവശത്ത്, ക്വിന്‍റണ്‍ ഡികോക്ക് നല്‍കുന്ന തുടക്കമാണ് ലഖ്‌നൗവിന് നിര്‍ണായകം. ദേവ്ദത്ത് പടിക്കലിന്‍റെ മോശം ഫോമാണ് ലഖ്‌നൗവിന് ആശങ്ക. സീസണില്‍ ഇതുവരെ മികവിലേക്ക് ഉയരാൻ സാധിക്കാത്ത താരത്തിന് ഇന്ന് ടീമില്‍ ഇടം ലഭിക്കുമോ എന്നത് കണ്ടറിയണം.