മുംബൈ:ഇംഗ്ലണ്ടിനെതിരായ (India vs England) ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ കെഎല്‍ രാഹുല്‍ (KL Rahul), രവീന്ദ്ര ജഡേജ (Ravindra jadeja) എന്നിവരെ തിരികെ വിളിച്ചിരുന്നു. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇരുവര്‍ക്കും വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് നഷ്‌ടമായിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇരുവരേയും ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും ഇരുവരും കളിക്കുകയെന്ന് ബിസിസിഐ സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് 31-കാരനായ രാഹുല്‍ തിരിച്ച് വരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നെറ്റ്സിലെ ബാറ്റിങ് പരിശീനത്തിന്‍റെ വീഡിയോയാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരിക്കുന്നത്. പരിക്കിന്‍റെ ലക്ഷണങ്ങളില്ലാതെ മനോഹരമായ കവര്‍ ഡ്രൈവ് കളിക്കുന്ന രാഹുലിനെയാണ് പ്രസ്‌തുത വീഡിയോയില്‍ കാണാന്‍ കഴിയുക. ഹൈദരാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടി തിളങ്ങാന്‍ രാഹുലിന് കഴിഞ്ഞിരുന്നു.
എന്നാല്‍ രവീന്ദ്ര ജഡേജയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതേവരെ പുറത്ത് വന്നിട്ടില്ല. ഇരുവരേയും കൂടാതെ പേസര്‍ മുഹമ്മദ് സിറാജിനേയും ശേഷിക്കുന്ന മത്സരങ്ങള്‍ക്കായുള്ള സ്‌ക്വാഡിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ സിറാജിന് വിശ്രമം അനുവദിച്ചിരുന്നു.