മുംബൈ:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് (India vs England Test) തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയ്‌ക്ക് കനത്ത നിരാശ നല്‍കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുലിനെ (KL Rahul) മത്സരത്തില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പരിക്കിൽ നിന്നും പൂര്‍ണ മുക്തി നേടാന്‍ കഴിയാതെ വന്നതോടെയാണ് സെലക്‌ടര്‍മാരുടെ തീരുമാനമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ രാഹുലിനും രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേറ്റിരുന്നു. ഇതോടെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്ക് ഇരുവരേയും സെലക്‌ടര്‍മാര്‍ തിരികെ വിളിച്ചിരുന്നു.
എന്നാല്‍ ഫിറ്റ്‌നസിന് വിധേയമായി ആവും ഇരുവരും കളത്തിലിറങ്ങുകയെന്നും സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ജഡേജയ്‌ക്ക് മെഡിക്കല്‍ ബോര്‍ഡിന്‍റെ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ തന്‍റെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള 31-കാരന്‍ ഒരാഴ്‌ച കൂടി മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ തുടരുമെന്നാണ് വിവരം.
ഇതിന് ശേഷമാവും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ താരം കളിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. നാലാം ടെസ്റ്റില്‍ രാഹുലിന് കളിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ പ്രതീക്ഷ. രാഹുലിന് പകരം ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ സഹതാരമായ ദേവദത്ത് പടിക്കൽ (Devdutt Padikkal) ആയിരിക്കും ടീമിൽ ഇടംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രഞ്‌ജി ട്രോഫിയില്‍ തന്‍റെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെതിരെ 151 റൺസ് നേടിയ ദേവ്‌ദത്ത് മിന്നും ഫോമിലാണുള്ളത്.