കൊല്‍ക്കത്ത :ഈഡൻ ഗാര്‍ഡൻസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ മറികടന്ന് ടി20 ക്രിക്കറ്റിലെ തകര്‍പ്പൻ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഐപിഎല്ലില്‍ ഇന്നലെ (ഏപ്രില്‍ 26) നടന്ന മത്സരത്തിലായിരുന്നു പഞ്ചാബിന്‍റെ ചരിത്രനേട്ടം. ടി20 ക്രിക്കറ്റിന്‍റെയും ഐപിഎല്ലിന്‍റെയും ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം സെഞ്ചൂറിയനില്‍ വച്ച് ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെതിരെ 259 റണ്‍സ് ചേസ് ചെയ്‌തിരുന്നു. ഈ റെക്കോഡാണ് പഞ്ചാബ് കിങ്സ് കഴിഞ്ഞ ദിവസം പഴങ്കഥയാക്കിയത്. ഇത് കൂടാതെ, ഈ വര്‍ഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം അടിച്ചുകൂട്ടിയ കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോഡും കൊല്‍ക്കത്ത പഞ്ചാബ് പോരാട്ടത്തിന്‍റെ പേരിലായി.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ആകെ 38 സിക്‌സറുകളാണ് ഗ്യാലറിയിലേക്ക് പറന്നത്. എന്നാല്‍, ഈഡൻ ഗാര്‍ഡൻസ് വേദിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്സ് പോരാട്ടത്തില്‍ അതിര്‍ത്തി കടന്നത് എണ്ണം പറഞ്ഞ 42 സിക്‌സറുകള്‍ ആയിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയം പിടിച്ച പഞ്ചാബ് തന്നെയാണ് സിക്‌സറുകള്‍ അടിച്ച് കൂട്ടുന്നതിലും മുന്നില്‍ നിന്നത്.
പഞ്ചാബിന്‍റെ നാല് ബാറ്റര്‍മാര്‍ ചേര്‍ന്ന് ഈഡൻ ഗാര്‍ഡൻസിലെ ഗ്യാലറിയിലേക്ക് എത്തിച്ചത് 24 സിക്‌സറുകളാണ്. മത്സരത്തില്‍ പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോ 9 സിക്‌സറുകളും ശശാങ്ക് സിങ് എട്ട് സിക്‌സറുകളുമാണ് അടിച്ചുപറത്തിയത്. പ്രഭ്‌സിമ്രാൻ സിങ് അഞ്ച് എണ്ണം ഗാലറിയിലെത്തിച്ചപ്പോള്‍ രണ്ട് സിക്‌സുകളാണ് റിലീ റൂസോയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18 സിക്‌സറുകളായിരുന്നു തങ്ങളുടെ ഇന്നിങ്‌സില്‍ നേടിയത്. ആറ് സിക്‌സറുകള്‍ അടിച്ചെടുത്ത ഫില്‍ സാള്‍ട്ടായിരുന്നു അവരുടെ കൂട്ടത്തിലെ അപകടകാരി. സുനില്‍ നരെയ്‌ൻ നാലും ശ്രേയസ് അയ്യര്‍ മൂന്നും സിക്‌സറുകള്‍ പറത്തിയപ്പോള്‍ ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് സിക്‌സറുകള്‍ ഗ്യാലറിയിലേക്ക് എത്തിച്ചു.
ഐപിഎല്‍ ചരിത്രത്തില്‍ ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ നാല് പേരും അര്‍ധസെഞ്ച്വറി നേടുന്ന ആദ്യത്തെ മത്സരം കൂടിയായിരുന്നു കൊല്‍ക്കത്ത പഞ്ചാബ് പോരാട്ടം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് 75 റണ്‍സും സുനില്‍ നരെയ്‌ൻ 71 റണ്‍സും നേടിയാണ് പുറത്തായത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്‍റെ ജോണി ബെയര്‍സ്റ്റോ 108 റണ്‍സുമായി പുറത്താകാതെ നിന്നു. ബെയര്‍സ്റ്റോയുടെ സഹ ഓപ്പണറായ പ്രഭ്‌സിമ്രാൻ സിങ് 54 റണ്‍സായിരുന്നു മത്സരത്തില്‍ നേടിയത്.
Also Read :കൊടുത്താല്‍ കൊല്ലത്തല്ല 'ഈഡനിലും' കിട്ടും; പഞ്ചാബ് കിങ്‌സിന്‍റെ ബാറ്റിങ് വെടിക്കെട്ട്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ 'റെക്കോഡ്' - Highest Run Chases In T20