കേരളം

kerala

ETV Bharat / sports

മനു ഭാക്കറിനും ഖേല്‍ രത്ന, പരമോന്നത ബഹുമതിക്ക് അര്‍ഹരായി 4 പേര്‍; 2024ലെ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു - KHEL RATNA AWARDS 2024

പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്‌കാരത്തിന് കായിക മന്ത്രാലയം നേരത്തെ പുറത്തുവിട്ട അര്‍ഹരായ താരങ്ങളുടെ പട്ടികയില്‍ മനു ഭാക്കറിന്‍റെ പേരുണ്ടായിരുന്നില്ല.

SPORTS AWARDS 2024  D GUKESH MANU BHAKAR  HARMANPREET SINGH AND PRAVEEN KUMAR  ഖേല്‍ രത്ന 2024
Photo Collage Of D Gukesh and Manu Bhaker (ETV Bharat)

By ETV Bharat Kerala Team

Published : Jan 2, 2025, 3:03 PM IST

ന്യൂഡല്‍ഹി:2024ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് സിങ്, ഒളിമ്പിക്‌സ് ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കര്‍, പാര അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഇക്കുറി പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാൻ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഈ മാസം 17ന് രാഷ്‌ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

17 പാര അത്‌ലറ്റുകള്‍ ഉള്‍പ്പടെ 32 പേര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. മലയാളി നീന്തല്‍ താരം സജൻ പ്രകാശും അര്‍ജുന അവര്‍ഡിന് അര്‍ഹനായി. 2017ലെ ഏഷ്യൻ ഇൻഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ വെള്ളി മെഡലാണ് സജൻ നേടിയത്. ഗുവാഹത്തിയിൽ 2016ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈ, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ സ്വര്‍ണ മെഡലും മലയാളി താരം നേടിയിട്ടുണ്ട്.

Sajan Prakash (Facebook/Sajan Prakash)

വിവാദങ്ങള്‍ക്കിടെയാണ് ഇക്കുറി ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായ താരങ്ങളുടെ പേര് നേരത്തെ തന്നെ കായിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ആദ്യം പുറത്തുവിട്ട പട്ടികയില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് മനു ഭാക്കറുടെ പേരുണ്ടായിരുന്നില്ല. 12 അംഗ സെലക്ഷൻ കമ്മിറ്റി ശിപാര്‍ശ ചെയ്‌ത പട്ടികയിലായിരുന്നു മനു ഭാക്കറിന്‍റെ പേരില്ലാതിരുന്നത്.

പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് മെഡല്‍ നേടിയ മനു ഭാക്കര്‍ പുരസ്‌കാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നായിരുന്നു കായിക മന്ത്രാലയം ആദ്യം അറിയിച്ചത്. എന്നാല്‍, തങ്ങള്‍ പുരസ്‌കാരത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നായിരുന്നു താരത്തിന്‍റെ കുടുംബം വ്യക്തമാക്കിയത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ പട്ടികയില്‍ ചെസ് ലോക ചാമ്പ്യൻ ഡി ഗുകേഷിനൊപ്പം മനു ഭാക്കറിന്‍റെയും പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയത്.

Manu Bhaker (IANS)

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്കായി ചരിത്ര നേട്ടമായിരുന്നു മനു ഭാക്കര്‍ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗം എന്നിവയില്‍ താരത്തിന് വെങ്കല മെഡല്‍ നേടാനായി. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും മനു ഭാക്കര്‍ മാറിയത്.

22കാരിയായ മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷൻ സംഘടിപ്പിച്ച 2018ലെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായും മനു ഭാക്കര്‍ മാറിയിരുന്നു. 2020ല്‍ അര്‍ജുന അവാര്‍ഡിനും മനു ഭാക്കര്‍ അര്‍ഹയായിട്ടുണ്ട്.

D Gukesh (IANS)

ലോക ചെസ് ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഡി ഗുകേഷ്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തില്‍ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു 18 കാരനായ ഗുകേഷ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഗുകേഷ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹനായ ഹര്‍മൻപ്രീത് സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ഹോക്കി ടീം പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയത്. ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യൻ ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം മെഡല്‍ നേട്ടമായിരുന്നു ഇത്. 2024 പാരിസ് പാരാലിമ്പിക്‌സ് ടി64 ഹൈ ജമ്പില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് പ്രവീണ്‍ കുമാര്‍.

ഉത്തര്‍പ്രദേശുകാരനായ താരം 2020ലെ ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2022ലെ ഏഷ്യൻ പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് പ്രവീണ്‍ കുമാര്‍.

Praveen Kumar (IANS)

അര്‍ജുന പുരസ്‌കാരം നേടിയവര്‍

സജൻ പ്രകാശ് (നീന്തല്‍), ജ്യോതി യാരാജി (അത്ലറ്റിക്‌സ്), അന്നു റാണി (അത്ലറ്റിക്‌സ്), നിതു (ബോക്‌സിങ്), സവീതി (ബോക്‌സിങ്), വന്തിക അഗര്‍വാള്‍ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജര്‍മൻപ്രീത് സിങ് (ഹോക്കി), സുഖ്‌ജീത് സിങ് (ഹോക്കി), രാകേഷ് കുമാര്‍ (പാര ആര്‍ച്ചറി), പ്രീതിപാല്‍ (പാര അത്‌ല്റ്റിക്‌സ്), ജീവൻജി ദീപ്‌തി (പാര അത്‌ലറ്റിക്‌സ്), അജിത് സിങ് (പാര അത്‌ലറ്റിക്‌സ്) സച്ചിൻ സർജറാവു (പാര അത്‍ലറ്റിക്‌സ്), ധരംബിർ (പാര അത്‍ലറ്റിക്‌സ്), പ്രണവ് സൂർമ (പാര അത്‍ലറ്റിക്‌സ്), ഹോക്കട്ടോ സെമ (പാര അത്‍ലറ്റിക്‌സ്), സിമ്രൻ (പാര അത്‍ലറ്റിക്‌സ്), നവ്ദീപ് (പാര അത്‍ലറ്റിക്‌സ്), നിതേഷ് കുമാർ (പാര ബാഡ്‌മിന്‍റണ്‍), തുളസിമതി മുരുകേശൻ (പാര ബാഡ്‌മിന്‍റണ്‍), നിത്യശ്രീ സുമതി ശിവൻ (പാര ബാഡ്‌മിന്‍റണ്‍), മനീഷ രാംദാസ് (പാര ബാഡ്‌മിന്‍റണ്‍), കപിൽ പാർമർ (പാര ജൂഡോ), മോന അഗർവാൾ (പാര ഷൂട്ടിങ്), റുബിന ഫ്രാൻസിസ് (പാര ഷൂട്ടിങ്), സ്വപ്‌നിൽ കുസാലെ (ഷൂട്ടിങ്), സരബ്ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്ക്വാഷ്), അമൻ (ഗുസ്‌തി).

Also Read :രോഹിത് പുറത്തേക്ക്? പന്തിന്‍റെ സ്ഥാനവും തുലാസില്‍; സിഡ്‌നിയില്‍ ഇന്ത്യയുടെ സാധ്യത ഇലവൻ

ABOUT THE AUTHOR

...view details