ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനൊന്നാം സ്വര്‍ണം. തയ്ക്വാൻഡോ ഇനത്തില്‍ ക്യോരുഗി വനിതാ-അണ്ടർ 67 കിലോഗ്രാം വിഭാഗത്തിൽ മാർഗരറ്റ് മരിയ റെജിയാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്. ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ കേരളത്തിന് വെങ്കല നേട്ടങ്ങളിലായിരുന്നു ആശ്വാസം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാസ്‌കറ്റ് ബോള്‍ പുരുഷവിഭാഗം 3x3 എഡ്ജ്-ഓഫ്-സീറ്റ് ഫൈനലിൽ കേരളാ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ മുഴുവൻ സമയ സ്കോർ 20-20 ആയിരുന്നു. എന്നാല്‍ സഡൻ ഡെത്തിൽ മധ്യപ്രദേശ് മുന്നിലെത്തി വിജയിക്കുകയായിരുന്നു. തയ്ക്വാൻഡോയില്‍ വനിതാ പൂംസേ ഗ്രൂപ്പിനത്തില്‍ കർണിക, സെബ, ലയ ഫാത്തിമ എന്നിവര്‍ അംഗങ്ങളായ കേരളാ ടീം വെങ്കലം നേടി. ഇന്നലെ നടന്ന വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു ലഭിച്ചത്.
80 കിലോഗ്രാം തയ്ക്വാൻഡോ ഇനത്തിൽ മനു ജോർജ് വെങ്കലം നേടിയപ്പോള്‍ വനിതകളുടെ 53 കിലോഗ്രാം അണ്ടർ തയ്ക്വാൻഡോ ഇനത്തിൽ ശിവാംഗി ചാനമ്പം വെങ്കലം സ്വന്തമാക്കി. തയ്ക്വാൻഡോ-ക്യോരുഗി പുരുഷ വിഭാഗത്തില്‍ അണ്ടർ 63 കിലോഗ്രാമിൽ ശ്രീജിത്ത് ബിയും വെങ്കല മെഡല്‍ നേടി. വനിതകളുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തിൽ അഞ്ജന ശ്രീജിത്തിനും വെങ്കലം ലഭിച്ചു.
അത്‌ലറ്റിക്‌സില്‍ കേരളത്തിന്‍റെ ആദ്യ മെഡൽ ലോങ് ജമ്പിൽ അനുരാഗ് സിവി കരസ്ഥമാക്കി. വനിതകളുടെ പോൾവോൾട്ടിൽ പോഡിയം ഫിനിഷ് നേടി മരിയ ജെയ്‌സണിനും വെങ്കല തിളക്കമായിരുന്നു. ഡിസ്കസ് ത്രോയിൽ അലക്സ് പി തങ്കച്ചൻ വെങ്കല മെഡൽ സ്വന്തമാക്കി.