ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളം മെഡല്‍ വേട്ട തുടങ്ങി. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനിലൂടെ കേരളം ആദ്യ സ്വർണം സ്വന്തമാക്കി. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സ്വര്‍ണനേട്ടം. മഹാരാഷ്ട്രയുടെ ദിപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിൻ്റെ റാണി വെങ്കലവും നേടി. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമായി കേരളം പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. 200 മീറ്റർ ഫ്രീസ്റ്റൈൽ (1:53.73 മിനിറ്റ്), 100 മീറ്റർ ബട്ടർഫ്ലൈ (54.52 സെക്കൻഡ്) എന്നിവയിലാണു സജന്റെ വെങ്കലം നേട്ടം. അതേസമയം വനിത ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ കേരളാ താരം വിദർശ കെ വിനോദ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മെഡല്‍പ്പട്ടികയില്‍ നിലവില്‍ കര്‍ണാടകയാണ് ഒന്നാമത് നില്‍ക്കുന്നത്. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം ഒന്‍പത് മെഡലുകളാണ് കര്‍ണാടകത്തിന്റെ സമ്പാദ്യം. വുഷുവില്‍ നിന്ന് മൂന്ന് സ്വര്‍ണവും ട്രയാത്ലണില് ഒരു സ്വര്‍ണവുമടക്കം നാല് സ്വര്‍ണമെഡലുകളുമായി മണിപ്പൂരാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി മൂന്നാം സ്ഥാനത്തുണ്ട്.