അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി പോരാട്ടത്തില്‍ മുഹമ്മദ് അസഹറുദ്ദീന്‍റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ കേരളത്തിന് വമ്പന്‍ സ്കോര്‍. പുറത്താകാതെ അസ്ഹറുദ്ദീൻ നേടിയ 177 റൺസിന്‍റെ കരുത്തില്‍ ഗുജറാത്തിനെതിരേ കേരളം 457 റൺസിന്‍റെ വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനായി പി. പഞ്ചൽ, എ. ദേശായി എന്നിവരാണ് ഓപ്പണിങ്. നിലവില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ 61 റണ്‍സെന്ന നിലയിലാണ് ഗുജറാത്ത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
341 പന്തുകളില്‍ 20 ഫോറുകളും ഒരു സിക്‌സറും നേടിയാണ് അസ്ഹറുദ്ദീൻ മികച്ച വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തിരുന്നു. മൂന്നാം ദിനത്തില്‍ 28 റൺസ് കൂടി ചേര്‍ത്ത അസ്ഹറുദ്ദീന്‍ ഇരട്ട സെഞ്ച്വറിയിലേക്ക് മുന്നേറുകയായിരുന്നു.
എന്നാല്‍ കൂടെയുള്ള മറ്റുബാറ്റര്‍മാരുടെ വിക്കറ്റ് തെറിച്ചതാണ് താരത്തിന് വിനയായത്. ആദിത്യ സർവാതെ, എംഡി നിധീഷ്, ബേസിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടപ്പെട്ടത്. അസ്ഹറുദ്ദീനെ കൂടാതെ നായകന്‍ സച്ചിന്‍ ബേബിയുടെയും (69), സല്‍മാന്‍ നിസാറിന്‍റെ (52) അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. സല്‍മാനെ വിശാല്‍ ബി.ജയ്സ്വാളാണ് പുറത്താക്കിയത്.
Also Read:'ജൂനിയര്‍ അസ്‌ഹര്‍', മുന്‍ ഇന്ത്യന്‍ താരത്തിനോടുള്ള സ്‌നേഹം; രഞ്ജി സെഞ്ച്വറിനേട്ടം ആഘോഷിച്ച് അസ്‌ഹറുദ്ദീന്‍റെ കുടുംബം - KERALA VS GUJ RANJI TROPHY
സല്‍മാന്‍- അസ്ഹറുദ്ദീന്‍ കൂട്ടുക്കെട്ട് ആറാം വിക്കറ്റില്‍ 149 റണ്‍സാണ് ഉയര്‍ത്തിയത്. അരങ്ങേറ്റ താരം അഹമ്മദ് ഇമ്രാന്‍ 24 റണ്‍സെടുത്ത് പുറത്തായി. രണ്ടാംദിനത്തിന്‍റെ രണ്ടാം പന്തില്‍ തന്നെ സച്ചിന്‍ മടങ്ങിയിരുന്നു. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ പന്തിലാണ് താരത്തിന്‍റെ മടക്കം.
ഗുജറാത്തിനായി അര്‍സാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ചിന്തന്‍ ഗാജ രണ്ടു വിക്കറ്റും രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ, വിശാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. ഒന്നാം ദിനം കേരളം നാലുവിക്കറ്റ് നഷ്ടപ്പെടുത്തി 206 റണ്‍സ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. അക്ഷയ് ചന്ദ്രനും ( 30) രോഹന്‍ കുന്നുമ്മലും (30), വരുണ്‍ നായനാര്‍ (10) ജലജ് സക്സേനയും 30 റണ്‍സെടുത്തുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.